രഞ്ജി ട്രോഫി: ബംഗാളിന് 449 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബംഗാളിന് കൂറ്റൻ വിജയലക്ഷ്യം. ജയിക്കാൻ 449 റണ്‍സ് വേണ്ട വംഗനാട്ടുകാൾ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്നനിലയിലാണ്.ഒരു ദിവസവും എട്ട് വിക്കറ്റും കൈയിലിരിക്കെ ജയിക്കാന്‍ 372 റണ്‍സ് കൂടി വേണം. ഓപണര്‍ രന്‍ജോത് സിങ് ഖാരിയ (2), സുദീപ് കുമാര്‍ ഖരാമി (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവർക്കാണ് വിക്കറ്റുകൾ. 33 റണ്‍സോടെ അഭിമന്യു ഈശ്വരൻ ക്രീസിലുണ്ട്. സീസണില്‍ വിജയം അറിഞ്ഞിട്ടില്ലാത്ത കേരളം തിങ്കളാഴ്ച വിജയപ്രതീക്ഷയിലാണ് പന്തെറിയുക.

ഞായറാഴ്ച 172ന് 8 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന ബംഗാളിന്‍റെ ഒന്നാം ഇന്നിങ്സ് 180 റണ്‍സില്‍ അവസാനിച്ചു. ബംഗാളിന്‍റെ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ജലജ് സക്സേനയാണ് കേരളത്തിന് 183 റൺസിന്‍റെ വൻ ലീഡ് സമ്മാനിച്ചത്. അവശേഷിക്കുന്ന വിക്കറ്റ് പേസർ എം.ഡി. നിധീഷ് നേടി. കേരളത്തിനായി ഒരു ബൗളർ നേടുന്ന മികച്ച രണ്ടാമത്തെ പ്രകടനമാണ് ജലജ് തുമ്പയിൽ നേടിയത്. 1971-72 സീസണിൽ കേരളത്തിനായി ഇറങ്ങിയ അമർജിത് സിങ് ആന്ധ്രക്കെതിരെ 45 റൺസ് വഴങ്ങി ഒമ്പത് വിക്കറ്റ് നേടിയതാണ് രഞ്ജിയിലെ കേരള ബൗളറുടെ മികച്ച പ്രകടനം. ബംഗാൾ നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കണ്ടത്. 72 റൺസെടുത്ത അഭിമന്യു ഇൗശ്വരനാണ് ബംഗാളിന്‍റെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രണ്ടാം ഇന്നിങ്സില്‍ രോഹന്‍ കുന്നുമ്മലും ജലജ് സക്സേനയും ചേര്‍ന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഓപണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സ് നേടി. 37 റണ്‍സെടുത്ത ജലജ് സക്സേനയെ പുറത്താക്കി ഷഹബാസ് അഹമ്മദാണ് ബംഗാളിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍, അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും (51) സച്ചിന്‍ ബേബിയും(51) ശ്രേയസ് ഗോപാലും(50), അക്ഷയ് ചന്ദ്രനും(36) ചേര്‍ന്ന് കേരളത്തിന് മികച്ച ലീഡ് ഉറപ്പാക്കി. അതേസമയം, പേശിവലിവ് മൂലം ക്യാപ്റ്റൻ സഞ്ജു സാംസണ് കളത്തിലിറങ്ങാനായില്ല. തുടർന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്സ്ഡിക്ലയര്‍ ചെയ്തു. ബംഗാളിനായി ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. 

Tags:    
News Summary - Ranji Trophy: Bengal set a target of 449 runs to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.