കേരളത്തിന് 399 റൺസ് വിജയലക്ഷ്യം; സമനില പിടിച്ചാലും സെമിയിലെത്താം; ജമ്മു കശ്മീർ 399ന് ഇന്നിങ്സ് അവസാനിപ്പിച്ചു

പുണെ: കേരളവും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസവും 134 ഓവറും ബാക്കി നിൽക്കെ 399 റൺസാണ് കേരളത്തിന്‍റെ വിജയലക്ഷ്യം. സമനില പിടിച്ചാലും ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് സെമിയിലെത്താനാകും.

നാലാംദിനം ഉച്ചക്കുശേഷം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 399 റൺസിന് ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ചായക്കു പിരിയുമ്പോൾ വിക്കറ്റൊന്നും നഷ്ടമില്ലാതെ 10 ഓവറിൽ 45 റൺസെടുത്തിട്ടുണ്ട്. മികച്ച ലീഡുമായി ഇന്നിങ്സ് അവസാനിപ്പിച്ച കശ്മീർ കേരളത്തെ വേഗത്തിൽ എറിഞ്ഞിട്ട് വിജയം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. നായകൻ പരസ് ജോഗ്രയുടെ സെഞ്ച്വറിയാണ് ടീമിന് മികച്ച ലീഡ് സമ്മാനിച്ചത്. 232 പന്തിൽ രണ്ടു സിക്സും 13 ഫോറുമടക്കം 132 റൺസെടുത്ത താരത്തെ ആദിത്യ സർവാതെ ബൗൾഡാക്കി.

നാലാംദിനം മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ് കശ്മീർ ബാറ്റിങ് ആരംഭിച്ചത്. കനയ്യ വാധ്വാൻ (116 പന്തിൽ 64), ലോണെ നാസിർ (33 പന്തിൽ 28), സാഹിൽ ലോത്ര (77 പന്തിൽ 59), ആബിദ് മുഷ്താഖ് (15 പന്തിൽ 13), ആഖിബ് നബി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. യുധ്വീർ സിങ് 14 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് റൺസെടുത്ത ശുഭം ഖജൂരിയയെയും 16 റൺസെടുത്ത യാവർ ഹസനെയും 37 റൺസെടുത്ത വിവ്രാന്ത് ശർമയെയും മൂന്നാം ദിനം കേരളം പുറത്താക്കിയിരുന്നു.

കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി. എൻ. ബേസിൽ, ആദിത്യ സർവാതെ എന്നിവർ രണ്ടു വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും നേടി. ഒന്നാം ഇന്നിങ്സിൽ കേരളത്തിന്‍റെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ, സൽമാൻ നിസാറിന്‍റെ സെഞ്ച്വറി പ്രകടനാണ് ഒറ്റ റണ്ണിന്‍റെ ലീഡ് നേടി തന്നത്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 281 റൺസിന് അവസാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സൽമാൻ സെഞ്ച്വറി നേടുന്നത്. മുംബൈയെ ഞെട്ടിച്ച ആവേശവുമായി കളി നയിച്ച ജമ്മു- കശ്മീരിനെതിരെ കേരളത്തിന്റെ അതിശയകരമായ തിരിച്ചുവരവായിരുന്നു മൂന്നാം ദിവസത്തെ കളിയുടെ സവിശേഷത. ഒമ്പത് വിക്കറ്റിന് 200 റൺസെന്ന നിലയിൽ കളി തുടർന്ന കേരളത്തിന് ലീഡെന്ന സ്വപ്നം വളരെ അകലെയായിരുന്നു.

എന്നാൽ, അസംഭവ്യമെന്ന് കരുതിയത് യാഥാർഥ്യമാക്കുകയായിരുന്നു സൽമാൻ നിസാറും ബേസിൽ തമ്പിയും ചേർന്ന്. ഇരുവരും ചേർന്ന് 81 റൺസാണ് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പരമാവധി പന്തുകൾ സ്വയം നേരിട്ട്, നിശ്ചയദാർഢ്യത്തോടെയുള്ള സൽമാന്റെ പ്രകടനമാണ് കേരളത്തെ അക്ഷരാർഥത്തിൽ പിടിച്ചുനിർത്തിയത്. മറുവശത്ത് ബേസിൽ തമ്പി സൽമാന് മികച്ച പിന്തുണ നൽകി. 12 ഫോറും നാല് സിക്സുമടക്കം 112 റൺസുമായി സൽമാൻ പുറത്താകാതെനിന്നു. 35 പന്തുകളിൽ 15 റൺസെടുത്ത ബേസിൽ പുറത്തായതോടെ കേരള ഇന്നിങ്സിന് അവസാനമായി. നേരത്തേ ബിഹാറിനെതിരെയും സൽമാൻ ശതകം നേടിയിരുന്നു. കശ്മീരിനുവേണ്ടി ആക്വിബ് നബി ആറും യുധ്വീർ സിങ്ങും സാഹിൽ ലോത്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - Ranji Trophy: 399 runs target for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.