ശശാങ്കിന്‍റെ അർധ സെഞ്ച്വറിക്ക് കൈയടിക്കാതെ ഡഗ് ഔട്ടിൽ പഞ്ചാബ് താരങ്ങൾ! വൈറലായി ദൃശ്യങ്ങൾ; സത്യാവസ്ഥ ഇതാണ്...

അഹ്മദാബാദ്: ശശാങ്ക് സിങ്ങിന്‍റെ തകർപ്പൻ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ കൈവിട്ട കളിയിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തി പഞ്ചാബ് ജയം പിടിച്ചെടുക്കുന്നത്. 29 പന്തുകളിൽ ശശാങ്ക് നേടിയ 61 റൺസാണ് വിജയത്തിൽ നിർണായകമായത്.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അവസാന ഓവറിലേക്ക് നീണ്ട ആവേശപോരട്ടത്തിൽ ഒരു പന്തു ബാക്കി നിൽക്കെയാണ് മൂന്നു വിക്കറ്റിന്റെ ജയം ശിഖർ ധവാനും സംഘവും സ്വന്തമാക്കിയത്. ഈ സീസണിൽ ഒരു ടീം ചെയ്സ് ചെയ്തു കീഴടക്കുന്ന ഉയർന്ന സ്കോറാണിത്. എന്നാൽ, ശശാങ്ക് വെടിക്കെട്ട് അർധ സെഞ്ച്വറി നേടിയപ്പോഴും ഡഗ് ഔട്ടിൽ ഒന്നു കൈയടിക്കുക പോലും ചെയ്യാതെ നിശബ്ദരായി ഇരിക്കുന്ന പഞ്ചാബ് താരങ്ങളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

മത്സരത്തിന്റെ 18ാം ഓവറിലാണ് ശശാങ്ക് അമ്പതിലെത്തുന്നത്. ഈസമയം നായകൻ ശിഖർ ധവാൻ അടക്കമുള്ളവർ കൈയടിക്കുക പോലും ചെയ്യാതെ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്നു. ഈ സമയം ഹിന്ദി കമന്‍ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയും ഇത് കണ്ട് താരങ്ങളെ വിമർശിച്ചു. ‘ഇവിടെ മരണ നിശബ്ദതയാണ്. അർധ സെഞ്ച്വറി ആരും ആഘോഷിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ടീം പോലും. എന്താണ് സംഭവിക്കുന്നത്? 25 പന്തിലാണ് 50 റൺസ് നേടിയത്, സ്ട്രൈക്ക് റേറ്റ് 200. അവനാണ് ടീമിന് പ്രതീക്ഷ നൽകുന്നത്. ടീമിന്‍റെ സി.പി.ആർ ആണ്’ -ചോപ്ര പറഞ്ഞു.

ശശാങ്ക് തകർപ്പൻ അർധ സെഞ്ച്വറി നേടിയിട്ടും ഡഗ് ഔട്ടിൽ താരങ്ങൾ പ്രതികരിക്കാതിരുന്നത് വലിയ വിമർശത്തിനിടയാക്കി. എന്നാൽ, സ്കോർ ബോർഡിലെ പിഴവാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്ന വാദവുമായി ടീം അധികൃതർ രംഗത്തെത്തി. ശശാങ്ക് അർധ സെഞ്ച്വറി പൂർത്തിയാക്കിയെങ്കിലും ഈ സമയം സ്കോർ ബോർഡിൽ താരത്തിന്‍റെ പേരിൽ 49 റൺസായിരുന്നു കാണിച്ചിരുന്നത്. ശശാങ്കും സ്വന്തം അർധ സെഞ്ചറി ആഘോഷിക്കാൻ നിന്നില്ല. എന്നാൽ, മത്സരം പഞ്ചാബ് വിജയിച്ചപ്പോൾ താരങ്ങൾ വലിയ ആഘോഷം തന്നെ നടത്തി. ശശാങ്കിനെ എടുത്ത് ഉയര്‍ത്തിയാണ് സഹതാരങ്ങൾ അഭിനന്ദിച്ചത്.

ലേലത്തിൽ അബദ്ധത്തിലാണ് ശശാങ്കിന്‍റെ പഞ്ചാബ് വിളിച്ചെടുക്കുന്നത്. 19 വയസ്സുകാരനായ യുവ ഓൾ റൗണ്ടർ ശശാങ്ക് സിങ് ആണെന്നു തെറ്റിദ്ധരിച്ചാണ്, ലേലത്തിൽ ഈ ശശാങ്കിനെ പഞ്ചാബ് ലേലത്തിൽ വിളിച്ചെടുക്കുന്നത്. അബദ്ധം മനസ്സിലായതോടെ പിൻവാങ്ങണമെന്ന് പഞ്ചാബ് പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. എന്നാൽ, പിന്നീടങ്ങോട്ട് ടീമിന്‍റെ പ്ലെയിങ് ഇലവനിൽ ശശാങ്ക് സ്ഥിരം സാന്നിധ്യമാകുന്നതാണ് കണ്ടത്.

Tags:    
News Summary - Punjab Kings dugout doesn't celebrate Shashank Singh's fifty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.