ഐ.പി.എല്ലിൽ ആർക്കും വേണ്ട! പൃഥ്വി ഷാ ക്രിക്കറ്റ് അവസാനിപ്പിക്കില്ല, കരിയറിൽ നിർണായക തീരുമാനത്തിനൊരുങ്ങി താരം...

മുംബൈ: ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സചിൻ ടെണ്ടുൽക്കർ എന്ന് പേരെടുത്ത താരമായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ പൃഥ്വി ഷാ. 2018ലെ അണ്ടർ 19 ലോകകപ്പ് ഇന്ത്യ നേടുമ്പോൾ നായകൻ പൃഥ്വി ഷാ ആയിരുന്നു.

ആ വർഷം അവസാനം വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ ടെസ്റ്റ് ടീമിലുമെത്തി. സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങേറ്റം, അതും 19ാമത്തെ വയസ്സിൽ. 19ാമത്തെ വയസ്സിൽ കന്നി സെഞ്ച്വറി നേടിയ റെക്കോഡ് അതിനു മുമ്പ് സചിനു മാത്രമായിരുന്നു. അതോടെ, വിരമിച്ച സചിന് പിൻഗാമിയെ കണ്ടെത്തിയ ആഹ്ലാദത്തിലായിരുന്നു ക്രിക്കറ്റ് ലോകം. പക്ഷേ, വെറും ആറ് ടെസ്റ്റുകളിൽ ഷായുടെ ടെസ്റ്റ് കരിയർ അവസാനിച്ചു.

ഷാക്കൊപ്പം അണ്ടർ 19 ടീമിലുണ്ടായിരുന്ന ശുഭ്മൻ ഗില്ലും അർഷ്ദീപ് സിങ്ങും ഇന്ത്യൻ ടീമിലെ സ്ഥിരം താരങ്ങളായി. ഇത്തവണ നടന്ന ഐ.പി.എൽ മെഗാ താരലേലത്തിൽ ആർക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയിലായിരുന്നു ഷായുടെ പേരുണ്ടായിരുന്നത്. ഒടുവിൽ കരിയറിൽ നിർണായക തീരുമാനത്തിനൊരുങ്ങുകയാണ് ഈ മഹാരാഷ്ട്രക്കാരൻ. മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായുള്ള ബന്ധം അവസാനിപ്പിച്ച് ആഭ്യന്തര ക്രിക്കറ്റിൽ മറ്റൊരു അസോസിയേഷനുവേണ്ടി കളിക്കാനുള്ള തയാറെടുപ്പിലാണ് താരം. മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് (എം.സി.എ) താരം ടീം മാറുന്നതിനുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാ അസോസിയേഷനോട് എൻ.ഒ.സി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും എം.സി.എയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

രണ്ടോ മൂന്നോ ക്രിക്കറ്റ് അസോസിയേഷനുകള്‍ പൃഥ്വി ഷായെ തങ്ങളുടെ സംസ്ഥാനത്തിനായി കളിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏത് ടീമിനൊപ്പം ചേരണമെന്നതിൽ താരം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ രഞ്ജി, വിജയ് ഹസരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഫിറ്റ്നസ് ചൂണ്ടിക്കാട്ടിയാണ് ടീമിൽനിന്ന് ഒഴിവാക്കിയത്. താരത്തിന്‍റെ ശരീരത്തില്‍ 35 ശതമാനം അധിക കൊഴുപ്പാണെന്ന് പരിശീലകര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ശരീരഭാരവും കൊഴുപ്പും കുറക്കാന്‍ കഠിന പരിശീലനവും പരിശീലകര്‍ നിര്‍ദേശിച്ചിരുന്നു. മുംബൈക്കായി വീണ്ടും കളിക്കണമെങ്കില്‍ ഫിറ്റ്നെസ് വീണ്ടെടുക്കണമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദേശിച്ചു.

പിന്നാലെ സെലക്ടർമാർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ താരം ആഞ്ഞടിച്ചിരുന്നു. ഇതാണ് മുംബൈ വിടാനുള്ള താരത്തിന്‍റെ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. 2022നുശേഷം വിജയ് ഹസാരെ ട്രോഫിയില്‍ പൃഥ്വി ഷാ മുംബൈക്കായി കളിച്ചിട്ടില്ല. ഇതിനിടെ ഇംഗ്ലണ്ടില്‍ വണ്‍ ഡേ കപ്പില്‍ നോര്‍ത്താംപ്ടണിനായി കളിച്ച പൃഥ്വി ഷാ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന 97, 72, 9, 23, 17 എന്നിങ്ങനെ സ്കോര്‍ ചെയ്തിരുന്നു.

Tags:    
News Summary - Prithvi Shaw Set To Take Huge Step To Revive Cricket Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.