രണ്ടാം തവണ പൃഥ്വി ഷാ സെൽഫിക്ക് നിന്നുകൊടുത്തില്ല; താരത്തിന്‍റെ സുഹൃത്തിന്‍റെ കാർ അടിച്ചു തകർത്തു; എട്ടുപേർക്കെതിരെ കേസ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ രണ്ടാം തവണ സെൽഫി എടുക്കാൻ വിസമ്മതിച്ചതിന്‍റെ ദേഷ്യത്തിൽ ആരാധകർ താരത്തിന്‍റെ സുഹൃത്തിന്‍റെ കാർ അടിച്ചു തകർത്തു.
മുംബൈയിലെ സഹാറ സ്റ്റാർ ഹോട്ടലിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. പരാതിയിൽ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിലെത്തിയ താരത്തിനൊപ്പം സെൽഫി എടുക്കാൻ ഒരു സംഘം താൽപര്യം പ്രകടിപ്പിച്ചു. താരം ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം മറ്റൊരു സെൽഫി ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല.
ഇതോടെ സംഘം താരത്തിനെതിരെ തിരിഞ്ഞു. തുടർന്ന് ഇവരെ ഹോട്ടലിൽനിന്ന് ജീവനക്കാർ പുറത്താക്കി. എന്നാൽ, സംഘം മടങ്ങിപോകാതെ ഹോട്ടലിനു പുറത്തു കാത്തുനിന്നു. ഇതിനിടെ ഹോട്ടലിൽനിന്ന് കാറിൽ പുറത്തിറങ്ങിയ പൃഥ്വിയുടെ സുഹൃത്ത് ആശിഷിനെ സംഘം പിന്തുടർന്നു. സുഹൃത്ത് സഞ്ചരിച്ച കാർ ജോഗേശ്വരി ലിങ്ക് റോഡിലെ ലോട്ടസ് പെട്രോൾ പമ്പിനടുത്ത് എത്തിയതും സംഘം തടഞ്ഞുനിർത്തി.
പിന്നാലെ ബേസ്‌ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയായിരുന്നു. എന്നാൽ, ഈ സമയത്ത് താരം കാറിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിൽ ഹോട്ടലിൽനിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. ആശിഷ് ഒഷിവാര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.