‘ആവേശകരമായ മത്സരം, അതിശയ ജയം’; പഞ്ചാബ് ടീമിനെ വാനോളം പുകഴ്ത്തി പ്രീതി സിന്‍റ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തിനൊടുവിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് റൺസിന് പരാജയപ്പെടുത്തിയ പഞ്ചാബ് കിങ്സ് താരങ്ങളെ വാനോളം പുകഴ്ത്തി ഉടമകളിലൊരാളായ ബോളിവുഡ് നടി പ്രീതി സിന്‍റ.

ആവേശകരമായ മത്സരമെന്നും അതിശയിപ്പിക്കുന്ന ജയമെന്നും അവർ ട്വീറ്റ് ചെയ്തു. ടീമിന്‍റെ ജയം ആഘോഷിക്കുന്നതിനിടെ നായകൻ ശിഖർ ധവാൻ, പ്രഭ്സിമ്രാൻ സിങ് ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ട്വിറ്ററിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

‘ഗുവാഹത്തിയിൽ ഇന്നലെ രാത്രിയിലെ മത്സരം എന്തൊരു ആവേശകരമായിരുന്നു, അതിശയകരമായ വിജയവും. ഇത് ഒരു ടീം പ്രയത്‌നമാണ്, ഞങ്ങളുടെ യുവ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു, ആത്മവിശ്വാസത്തോടെ, പുഞ്ചിരിക്കുന്നു എന്നത് സന്തോഷം നൽകുന്നു. പ്രഭ്സിമ്രാനെ കുറിച്ച് ഏറെ അഭിമാനിക്കുന്നു, ശിഖറിന്‍റെ മികച്ച ക്യാപ്റ്റൻസി. തുടർച്ചയായ രണ്ടു ജയങ്ങളുമായി ഐ.പി.എൽ ആരംഭിക്കാനായത് നല്ല കാര്യമാണ്’ -പ്രീതി ട്വീറ്ററിൽ കുറിച്ചു.

നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 197 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ശിഖർ ധവാന്‍റെ അപരാജിത വെടിക്കെട്ട് പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.

56 പന്തിൽ 86 റൺസാണ് ധവാൻ അടിച്ചെടുത്തത്. മൂന്നു സിക്സും ഒമ്പത് ഫോറുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഓപ്പണറായ പ്രഭ്‌സിമ്രാൻ സിങ്ങും അർധ സെഞ്ച്വറി നേടി. 34 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും ഉൾപ്പെടെ 60 റൺസാണ് പ്രഭ്‌സിമ്രാൻ നേടിയത്.

Tags:    
News Summary - Preity G Zinta praised the Punjab team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.