ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താൻ സൂപ്പർ ലീഗ് (പി.എസ്.എൽ) സംപ്രേഷണം ഇന്ത്യയിൽ നിർത്തിവെച്ചു. ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഫാൻകോഡിനായിരുന്നു ഇന്ത്യയിൽ പി.എസ്.എൽ സംപ്രേഷണാവകാശം.
പി.എസ്.എല്ലുമായി ബന്ധപ്പെട്ട എല്ലാ വിഡിയോകളും ഫാൻകോഡ് നീക്കം ചെയ്തു. ഇതുവരെ ലീഗിലെ 13 മത്സരങ്ങളാണ് ഫാൻകോഡ് സംപ്രേഷണം ചെയ്തത്. നേരത്തെ തന്നെ പി.എസ്.എൽ സംപ്രേഷണവുമായി ബന്ധപ്പെട്ട് ഫാൻകോഡിനെതിരെ വിമർശനം ഉയർന്നിരുന്നു. പാകിസ്താനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചതിനു പിന്നാലെയാണ് പി.എസ്.എൽ തത്സമയ സംപ്രേഷണം നിർത്തിവെച്ചത്.
ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചത്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് പാക് പൗരന്മാർക്ക് ഇന്ത്യ നിർദേശം നൽകിയിരിക്കുന്നത്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും. പിന്നാലെ വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചു. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.