മുംബൈയുടെ രോഹിത്​ യുഗം; തുടരുന്ന സുവർണ ദശ

2010ലെ ഐ.പി.എൽ ഫൈനലിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർകിങ്​സിനോട് മത്സരിക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കറായിരുന്നു ഇന്ത്യൻസ്​ നായകൻ. അന്ന് ശിഖർ ധവാനായിരുന്നു ഇന്ത്യൻസിനു വേണ്ടി സച്ചിനൊപ്പം ഓപ്പൺ ചെയ്തത്. നാലാമനായിറങ്ങിയത് ഹർഭജൻ. കറൺ പൊള്ളാർഡ് ഏഴാമനായി ബാറ്റു ചെയ്യാനെത്തുമ്പോഴേക്കും മത്സരമേറെക്കുറെ സൂപ്പർ കിങ്​സ്​ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ഒടുവിൽ 22 റൺസിന് പരാജയം സമ്മതിക്കുമ്പോൾ തുടർച്ചയായ മൂന്നാം സീസണിലും കിരീടമെന്ന സ്വപ്​നം ഐ.പി.എല്ലിലെ ഏറ്റവും വിപണി മൂല്യമേറിയ ഫ്രാഞ്ചൈസിക്ക് അന്യമായിത്തന്നെത്തുടരുകയായിരുന്നു.

തുടർന്നുള്ള രണ്ടു വർഷങ്ങളിലും അതു തന്നെ ആവർത്തിച്ചു.2011ൽ ക്വാളിഫയർ 2ലും, 2012 ൽ എലിമിനേറ്ററിലും ഇന്ത്യൻസ് ദയനീയമായി പരാജയപ്പെട്ടു. 2013 സീസൺ പകുതിക്കു വെച്ചാണ് ഇന്ത്യൻസ് അവരുടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തീരുമാനമെടുക്കുന്നത്. രോഹിത് ഗുരുനാഥ ശർമ്മയെന്ന ഇരുപത്തിയാറുകാരനെ ടെണ്ടുൽക്കറും, ഹർഭജനും, മലിംഗയും, ജേക്കബ്​ ഓറവും ഒക്കെയടങ്ങുന്ന ഒരു ടീമിൻെറ നായകനാക്കുക എന്ന തീരുമാനത്തിനു പിന്നിൽ ഗ്രേയം സ്​മിത്ത്​ സമാന സാഹചര്യങ്ങളിൽ പ്രോട്ടീസിൻെറ സ്​കിപ്പറായ അനുഭവപരിസരങ്ങളുണ്ടായിരുന്നു.


അതെന്തായാലും പിന്നീടങ്ങോട്ട് മുംബൈ ഇന്ത്യൻസിന് സുവർണ ദശയായിരുന്നു. ഒന്നിടവിട്ട വർഷങ്ങളിൽ ഐ.പി.എൽ ചാമ്പ്യൻമാരാകുന്ന പതിവ് തുടർന്ന അവർ ട്രേഡിംഗ് വിൻഡോയിൽ ശ്രദ്ധാപൂർവ്വമായ ഇടപെടലുകളായിരുന്നു ഓരോ സീസണിലും നടത്തിയിരുന്നത്. ഒരൊറ്റ സീസണിലും അവർ ഒരു വൺ ഡയമൻഷണൽ ടീമായി അനുഭവപ്പെട്ടിരുന്നില്ല എന്നതാണ് വാസ്​തവം. ബാറ്റിങ്ങാണോ, ബൗളിങ്ങാണോ ശക്തിദുർഗം എന്ന ആശയക്കുഴപ്പം എതിരാളികളിൽ ജനിപ്പിക്കാൻ പോന്നതായിരുന്നു ഓരോ തവണയും അവരുടെ ലൈനപ്പ്. ഏതൊരു ടീമിൻെറയും പ്രകടനത്തിൽ ഏറ്റവും നിർണായകമായ ഘടകം ഒരു സ്ക്വാഡ് കോമ്പിനേഷനാണ്. സന്തുലിതമായ ഒരു പ്ലേയിങ്​ ഇലവനും, അത്ര തന്നെ സന്തുലിതമായ ഒരു ബാക്കപ്പ് സ്ക്വാഡും മികച്ച പ്രകടനത്തിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് ഓരോ സീസണിലെയും ആർ.സി.ബി.യുടെ പ്രകടനം സാക്ഷ്യപ്പെടുത്തും.

ഇക്കാര്യത്തിൽ ഇന്ത്യൻസ് പുലർത്തുന്ന ദീർഘദർശിത്വം ഏറ്റവും പ്രൊഫഷനലായ ഒന്നാണ്. ഓരോ ഓക്ഷൻ സമയവും അവർ വിനിയോഗിക്കുന്നത് ഭാവിയിലെ ടീമിനെ കെട്ടിപ്പടുക്കാനാണ്. 2019ലേക്കെത്തുമ്പോഴേക്കും ഇന്ത്യൻസ് ഏറ്റവും ബാലൻസ്​ഡായ ഒരു കോമ്പോസിഷനിലേക്കെത്തിക്കഴിഞ്ഞിരുന്നു. എട്ടാമൻ വരെ ബാറ്റ് ചെയ്യുന്ന, ഒരു ബൗളർ നിറം മങ്ങിയാൽ ബാക്കപ്പായി ഉപയോഗിക്കാൻ കഴിയുന്ന പാർട് ടൈം ബൗളർമാരുള്ള ടീം. ആക്രമണവും, പ്രതിരോധവും ആവശ്യാർഥം സമന്വയിപ്പിക്കുന്ന ടീം. സാഹചര്യങ്ങൾക്കനുസരിച്ച് അഴിച്ചുപണിയാവുന്നത്ര ഫ്ലെക്​സിബിളായ ബാറ്റിങ്​ യൂണിറ്റുള്ള ടീം. നിർഭയ യുവത്വത്തിനൊപ്പം, പരിചയ സമ്പന്നതയുടെ പക്വത സമഞ്ജസിക്കുന്ന ടീം. പിച്ചിൻെറ സ്വഭാവത്തോട് പെട്ടെന്നു തന്നെ താദാത്മ്യപ്പെടുന്ന ടീം. അങ്ങനെ ഒരു ട്വൻറി 20 പരിസ്ഥിതിൽ ഒരു ബാലൻസ്​ഡ്​ ടീം എങ്ങനെയൊക്കെയായിരിക്കണമോ, അങ്ങനെയൊക്കെയാണ് മുംബൈ ഇന്ത്യൻസ്.

സ്കൗട്ടിംഗിൻെറ ഏറ്റവും പ്രൊഫഷനലായ സമീപനം വെച്ചു പുലർത്തുന്നതിൻെറ ഫലമായാണ് ജസ് പ്രീത് ബുറയും, പാണ്ഡ്യ സഹോദരങ്ങളും ഇന്ത്യൻസിലേക്കു വരുന്നത്. യുസ്​വേന്ദ്ര ചഹൽ, രാഹുൽ ചഹർ, ശ്രേയസ് ഗോപാൽ, കുൽദീപ് യാദവ്, അക്​സർ പട്ടേൽ തുടങ്ങി മുംബൈ കണ്ടെടുത്തിട്ടുള്ള ഇന്ത്യൻ പ്രതിഭകളുടെ നിര നീണ്ടതാണ്. ഈ സ്കൗട്ടിംഗ് പ്രൊസസിൻെറ ആനുകൂല്യം ടീം മാനേജ്മെൻറിന്​ ലഭിക്കുന്നത് ഓക്ഷൻ ടേബിളിലാണ്. ചെറിയ തുകയ്ക്ക് സ്വന്തമാക്കുന്ന ഇന്ത്യൻ കളിക്കാർ നൽകുന്ന വാലറ്റ് ലിവറേജിലാണ് ഇന്ത്യൻസ് അവരുടെ ഓവർസീസ് ബിഗ്ഗീസിനെ നിലനിർത്തുന്നതും, പുതിയവരെ കൈവശപ്പെടുത്തുന്നതും. 2020 ലേക്കെത്തുമ്പോഴേക്കും ഈയൊരു ട്രാൻസിഷൻ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം അൻെറ അനിവാര്യമായ പൂർണതയെ പ്രാപിച്ചിരുന്നു. കോർ ടീമിനെ സുഭദ്രമാക്കി നിർത്തുന്നതിനൊപ്പം ബാക്ക് അപ് പ്ലാൻ കൂടി അവർ കൃത്യമായി നടപ്പാക്കിയിരുന്നു. മലിംഗയുടെ അഭാവം പ്രകടമാകാതെ തോന്നിയതിനുള്ള കാരണം ഈ ബാക്ക് അപ് പ്ലാനായിരുന്നു. ഓവർസീസ് സ്​പിന്നറെന്ന ആവശ്യം ഒരിക്കലും ഇന്ത്യൻസിന് വേണ്ടി വന്നിട്ടില്ലാത്തതു കൊണ്ടു തന്നെ രണ്ട് ഓവർസീസ് സ്ലോട്ടുകൾ പേസർമാർക്കായി ഒഴിച്ചിടാൻ അവർക്കു കഴിയാറുണ്ട്.ഇത്തവണത്തെ ഫൈനലിൽ അതിൻെറ മുഴുവൻ ഗുണഫലവും അവർക്കനുഭവിക്കാനായി.


2020ലെ മുംബൈ ഇന്ത്യൻസിൻെറ സ്വപ്‌ന സമാനമായ ജൈത്രയാത്രയുടെ പ്രധാന കാരണം മിഡിൽ ഓർഡർ ബാറ്റിംഗിലെ ഫ്ലെക്സിബിളിറ്റിയാണ്. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നീ അൺ ക്യാപ്​ഡ്​ ഇന്ത്യൻ കളിക്കാർ നൽകുന്ന ബഫറാണ് ലോവർ മിഡിൽ ഓർഡറിനെ ഇത്രയും തീവ്രമായി എക്​സ്​സ് ചെയ്യാൻ സഹായിക്കുന്നത്. പവർപ്ലേയിലെ ആളിക്കത്തലിന് ദൃഢത നൽകാനും, ആവശ്യാനുസരണം ഗിയർ ഷിഫ്റ്റ് ചെയ്യാനും ഇരുവർക്കും അനായാസം സാധിച്ചു. ആദ്യ കളികളിൽ ചിലതിലെ പരാജയങ്ങളിലും അവർക്കൊപ്പം ഉറച്ചു നിന്ന മാനേജ്മെൻറ്​ നൽകിയ ആത്മവിശ്വാസത്തിലാണ് ഇഷാനും, യാദവും സ്വപ്​നതുല്യമായ ഇന്നിങ്​സുകൾ കെട്ടിപ്പടുത്തത്. വൺ ഡൗൺ പൊസിഷനിൽ സൂര്യകുമാർ ആങ്കർ ചെയ്യുന്ന ചേസിംഗ് ഓർക്കസ്ട്രേഷനുകളും,എതിർ ടീമിൻെറ ആത്മവിശ്വാസത്തിലേക്ക് കൂറ്റൻ സിക്സറുകളുടെ ബോംബുകൾ വർഷിക്കുന്ന ഇഷാൻ കിഷനെന്ന പോക്കറ്റ് ഡയനാമിറ്റിൻെറ വെടിക്കെട്ടുകളും താറുമാറാക്കിയ സ്റ്റാറ്റിസ്റ്റിക്​സുകൾ നിരവധിയാണ്.

ഒരാൾ പോയാൽ അടുത്തയാൾ അതിൻെറ കുറവു നികത്തുമെന്ന എതിർ ടീമിൻെറ ഹതാശ ഇത്രമേൽ പ്രകടമായി മറ്റൊരു ഐ.പി.എലും കണ്ടിട്ടില്ല.150 വിചാരിക്കുന്നിടങ്ങളിൽ 180ഉം, 180 ൽ നിൽക്കേണ്ടിടത്ത് 200 ആയും അവർ ലക്ഷ്യങ്ങളെ പുനർനിർവചിച്ചു കൊണ്ടേയിരുന്നു.ഫൈനലിലുൾപ്പെടെ പല മത്സരങ്ങളിലും ഡെത്ത് ഓവറുകളിൽ ബുംറ-ബോൾട്ട്/ കൗണ്ടർ നീൽ / പാറ്റിൻസൺ ദ്വയം അതിൻെറ ബൗളിംഗ് പാറ്റേണും കണ്ടെത്തിക്കൊണ്ടിരുന്നു.


അതെ, 2020ലെ മുംബൈ ഇന്ത്യൻസിൻെറ അശ്വമേധം സമാനതകളില്ലാത്തതായിരുന്നു. 2008ൽ ഷെയ്ൻ വോണിൻെറ ടീം അത്ഭുതം രചിക്കുമ്പോൾ അവർക്കു മേൽ പ്രതീക്ഷയുടെ യാതൊരു ഭാരവുമില്ലായിരുന്നു. വോൺ തന്നെ അന്ന് പറഞ്ഞതു പോലെ പ്ലേ& എക്സ്പ്രസ് എന്ന ശൈലിയുടെ അപ്ലിക്കേഷനായിരുന്നു അത്. എന്നാൽ ഒരു വ്യാഴവട്ടത്തിനു ശേഷം ഇന്ത്യൻസ് കിരീടം നിലനിർത്താനിറങ്ങിയത് ഹോട്ട് ഫേവറിറ്റുകളെന്ന ടാഗും വെച്ചു കൊണ്ടായിരുന്നു.

രണ്ടാം മത്സരം മുതൽക്കു തന്നെ ആ ടാഗിനോട് പൂർണ്ണമായും നീതി പുലർത്തിക്കൊണ്ടായിരുന്നു അവർ കളിച്ചതും. തങ്ങൾക്കപ്പുറത്തേക്ക് മറ്റൊരു ടീമിൻെറ പ്രകടനം സ്വന്തം ഭാഗധേയം നിർണയിക്കുന്ന അവസ്ഥ അവർക്കു വന്നതേയില്ല.അതിനുമപ്പുറം ഒരു ടീമെന്ന നിലയിൽ അവരുയർത്തിപ്പിടിച്ച ഒത്തൊരുമയും, കൂട്ടിപ്പിടുത്തവും അനിതര സാധാരണമായിരുന്നു.മറ്റൊരു ടീമിനും അവരെ തോൽപ്പിക്കാനാവില്ല എന്നൊരു തോന്നൽ ഉളവാക്കാനും, ഓരോ മത്സരം കഴിയുമ്പോഴും അതൂട്ടിയുറപ്പിക്കാനും അവർക്ക് സാധിക്കുന്നുണ്ടായിരുന്നു. മുമ്പൊരു ഐ.പി.എൽ എഡിഷനിലും മറ്റൊരു ടീമും അത്തരമൊരനുഭവം എനിക്കു തന്നിട്ടില്ല. അതു കൊണ്ടു തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഐ.പി.എല്ലിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം 2020ലെ മുംബൈ ഇന്ത്യൻസ് തന്നെയാണ്.

Tags:    
News Summary - mumbai indinas success story 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.