‘ഇത് എന്‍റെ അവസാനമാണെന്ന് നിങ്ങളാണ് തീരുമാനിച്ചത്’; വിരമിക്കൽ ചോദ്യത്തിന് രസകരമായ മറുപടി നൽകി ധോണി

ഈ ഐ.പി.എൽ സൂപ്പർതാരം മഹേന്ദ്ര സിങ് ധോണിയുടെ അവസാന സീസണാകുമെന്ന അഭ്യൂഹം ഏറെ നാളായി ക്രിക്കറ്റ് ലോകം കേൾക്കുന്നുണ്ട്. ആ വാർത്തകളൊന്നും ശരിയാകരുതെന്ന പ്രാർഥനയിലാണ് താരത്തിന്‍റെ വലിയ ആരാധകവൃന്ദം. 41ൽ എത്തിയിട്ടും പ്രായം താരത്തെ ഒട്ടും തളർത്തിയിട്ടില്ലെന്നതിന് തെളിവാണ് ഈ ഐ.പി.എല്ലിലെ മിന്നുംപ്രകടനങ്ങൾ. എതിരാളികളുടെ തട്ടകത്തിൽ പോലും കളിക്കാനിറങ്ങുമ്പോൾ ലഭിക്കുന്ന പിന്തുണയും സ്നേഹവും മതി, ധോണിക്ക് ആരാധക മനസ്സുകളിലുള്ള സ്ഥാനം മനസ്സിലാക്കാൻ.

ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സി ധരിച്ചാണ് അന്ന് കൊൽക്കത്ത ആരാധകർപോലും കളി കാണാനെത്തിയത്. ഏത് ഗ്രൗണ്ടിൽ പോയാലും ധോണിക്ക് ലഭിക്കുന്ന ആരാധക പിന്തുണ ഏതൊരു താരത്തെയും അസൂയപ്പെടുത്തും. താന്‍ എപ്പോൾ വിരമിക്കുമെന്ന ചോദ്യത്തിന് ഇക്കാലമത്രയും രസകരമായ മറുപടികളാണ് താരം നൽകിയിരുന്നത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം നടന്ന ലഖ്നോ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിന് മുമ്പായിരുന്നു രസകരമായ സംഭവം.

മത്സരത്തിൽ ടോസ് ലഭിച്ച ധോണി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെയാണ് ഡാനി മോറിസ് വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യം വീണ്ടും എടുത്തിട്ടത്. ‘നിങ്ങളുടെ അവസാന സീസൺ എങ്ങനെ ആസ്വദിക്കുന്നു’ എന്നായിരുന്നു മോറിസന്റെ ചോദ്യം. ‘ഇത് എന്റെ അവസാന സീസണാണ് എന്ന് തീരുമാനിച്ചത് നിങ്ങളാണ്’ -ധോണി ചിരിച്ചുകൊണ്ട് മറുപടി നൽകി. ഹർഷാരവത്തോടെയാണ് താരത്തിന്‍റെ വാക്കുകൾ ഗാലറിയിലുണ്ടായിരുന്നവർ വരവേറ്റത്. പിന്നാലെ ധോണി 2024ലും കളിക്കളത്തിലുണ്ടാവുമെന്ന് മോറിസൺ ഗാലറിയെ നോക്കി പറഞ്ഞു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌.

Tags:    
News Summary - MS Dhoni drops massive hint IPL 2023 might not be his last season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.