ഞങ്ങൾക്ക്​ ഒരു ജയമുണ്ട്​, നിങ്ങൾ 'സംപൂജ്യർ'; ഇംഗ്ലീഷ് കാണികളെ ട്രോളി സിറാജ്

ലീഡ്​സ്​: ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലീഷ്​ ആരാധകരുടെ പ്രകോപിപ്പക്കലിന്​ കുറവില്ല. മത്സരത്തിനിടെ ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന യുവ പേസ്​ ബൗളർ മുഹമ്മദ്​ സിറാജിനുനേരെ ഗാലറിയിൽനിന്ന് ഇംഗ്ലീഷ് ആരാധകർ പന്ത് വലിച്ചെറിഞ്ഞിരുന്നു. ഇതിന്​ ഇംഗ്ലീഷ്​ കാണികളെ ട്രോളി സിറാജ്​ മറുപടി നൽകുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.

ആദ്യദിനത്തിലാണ്​ ഗ്രൗണ്ടിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്​. ​സിറാജിനുനേരെ ഗാലറിയിൽനിന്ന് ഇംഗ്ലിഷ് ആരാധകർ പന്ത് വലിച്ചെറിയുകയായിരുന്നു. സഹതാരം ഋഷഭ് പന്ത്​ ഇക്കാര്യം നായകൻ കോഹ്​ലിയെ അറിയിക്കുകയും ചെയ്​തു. കാണികളുടെ പ്രവൃത്തിയിൽ ദേഷ്യം പ്രകടിപ്പിച്ച കോഹ്​ലി അവർ എറിഞ്ഞ പന്ത് പുറത്തേക്കെറിയാൻ സിറാജിനോട് ആവശ്യപ്പെടുകയും അമ്പയറിനോട്​ പരാതി ഉന്നയിക്കുകയും ചെയ്​തിരുന്നു. പ്രകോപനം സൃഷ്​ടിച്ച കാണികൾക്ക്​ അവർ അർഹിക്കുന്ന രീതിയിൽ മറുപടി നൽകുന്ന സിറാജിന്‍റെ വീഡിയോ ആണ്​ ഇപ്പോൾ ക്രിക്കറ്റ്​ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്​. ആദ്യദിവസം ബാറ്റിങ്​ തകർച്ച നേരിട്ട ഇന്ത്യയെ കളിയാക്കുന്ന ഇംഗ്ലീഷ്​ ആരാധകരോട്​ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലാണെന്ന് സിറാജ് ആംഗ്യം കാണിക്കുന്നതാണ് വീഡിയോയിലുള്ളത്​. ഞങ്ങൾ ഒരു മത്സരം ജയിച്ചെന്നും നിങ്ങൾ ഇപ്പോഴും പൂജ്യമാണെന്നുമാണ് സിറാജ് ആംഗ്യത്തിലൂടെ കാട്ടിയത്.

കഴിഞ്ഞ ആസ്​ത്രേലിയൻ പര്യടനത്തിൽ സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ​െവച്ച് ആസ്​ത്രേലിയൻ കാണികൾ സിറാജിനെ അധിക്ഷേപിച്ചിരുന്നു. തുടർന്ന് മത്സരം നിർത്തിവെച്ചു. പ്രശ്നക്കാരായ കാണികളെ ഗാലറിയിൽനിന്ന് ഇറക്കിവിട്ട ശേഷമാണ്​ കളി തുടർന്നത്​. ഇംഗ്ലണ്ട്​ പര്യടനത്തിൽ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിെട ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്ത കെ.എൽ. രാഹുലിനുനേരെ ഇംഗ്ലീഷ് കാണികൾ കോർക്കുകൾ വലിച്ചെറിഞ്ഞ്​ പ്രകോപനം സൃഷ്ടിച്ചതും വാർത്തയായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 78 റൺസിന് ഓൾഔട്ട്​ ആയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 120 റൺസെടുത്തിട്ടുണ്ട്. 10 വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ടിന് 42 റൺസ് ലീഡ് ആണുള്ളത്​.

Tags:    
News Summary - Mohammed Siraj trolls England fans with '1-0' gesture on third test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.