ലണ്ടൻ: ലോഡ്സിൽ ഇന്ത്യ മത്സരം കൈവിട്ടിട്ട് ഏറെ നാളായിട്ടില്ല. അവസാന നിമിഷം അപ്രതീക്ഷിതമായി മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് വീണതോടെയാണ് അന്ന് ഇംഗ്ലണ്ട് ജയം കൈപ്പിടിയിലൊതുക്കിയത്. അതേ സിറാജ് ഇന്ത്യ കൈവിട്ട ജയം തന്‍റെ അതിമനോഹര ബൗളിങ് പ്രകടനത്തിലൂടെ ഓവലിൽ തിരിച്ചുപിടിച്ചിരിക്കുന്നു. അവസാന ഓവറുകളിൽ ജയം പിടിക്കുമെന്ന് ഇംഗ്ലിഷ് ടീം ഉറപ്പിച്ച മത്സരം. അതിമനോഹര പന്തുകളിലൂടെ അവർക്ക് അവസരം നിഷേധിച്ച് ഇന്ത്യക്ക് ജയം സമ്മാനിച്ച സിറാജ്, ഒറ്റ മത്സരത്തിലൂടെ ടൂർണമെന്‍റിൽ കേട്ട വിമർശനങ്ങൾക്ക് ശക്തമായ മറുപടി കൂടിയാണ് നൽകുന്നത്.
ലോഡ്സിലെ തോൽവി ഹൃദയഭേദകമായിരുന്നു എന്നാണ് ഇന്ന് മത്സരശേഷം സിറാജ് പ്രതികരിച്ചത്. അന്ന് തനിക്കൊപ്പം അപരാജിതനായി ബാറ്റുചെയ്ത രവീന്ദ്ര ജദേജ ഇന്ന് ഊർജം നൽകുന്ന വാക്കുകളുമായി തനിക്കരികിലെത്തി. കഴിഞ്ഞ ദിവസം ബ്രൂക്ക് വീണപ്പോൾ മുതൽ മത്സരം ഇന്ത്യയുടെ വഴിക്ക് വരുമെന്ന് മനസ് മന്ത്രിച്ചു. ബാറ്റർമാരിൽ സമ്മർദമേറ്റാനുള്ള തന്ത്രം മെനഞ്ഞു. കണക്കുകൂട്ടലുകൾ തെറ്റിയില്ല, ബൗളിങ്ങിലും ഫീൽഡിലും വരുത്തിയ എല്ലാ പിഴവിനും പരിഹാരം ചെയ്താണ് ഇന്ന് കളിയിലെ താരമായ സിറാജ് ഗ്രൗണ്ട് വിട്ടത്.
“എന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല, ഒന്നാംദിനം മുതൽ ഇതുവരെയും ഞങ്ങൾ പൊരുതുകയായിരുന്നു. മികച്ച ലെങ്തിൽ പന്തെറിഞ്ഞ് സമ്മർദം ഏറ്റുക എന്നതായിരുന്നു എന്‍റെ പദ്ധതി. പിന്നീടു കിട്ടിയതെല്ലാം ബോണസാണ്. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ എല്ലാം ഞാൻ കണക്കുകൂട്ടുന്നതുപോലെ നടക്കുമെന്ന് തോന്നി. ഗൂഗ്ളിൽനിന്ന് ‘ബിലീവ്’ എന്നെഴുതിയ ഒരു ചിത്രം ഡൗൺലോഡ് ചെയ്തു.
കഴിഞ്ഞ ദിവസം ബ്രൂക്ക് വീണത് മത്സരം തിരിഞ്ഞ നിമിഷമായിരുന്നുവെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്‍റെ അക്രണോത്സുകത അപാരമായിരുന്നു. ആ വിക്കറ്റ് വീണില്ലായിരുന്നുവെങ്കിൽ ഇന്ന് ജയത്തേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. ലോഡ്സിലെ തോൽവി ഹൃദയഭേദകമായിരുന്നു. എന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാനും പിതാവിനു വേണ്ടി അതു ചെയ്യണമെന്നുമാണ് ജഡ്ഡു ഭായ് പറഞ്ഞത്” -മത്സരശേഷം സിറാജ് പറഞ്ഞു.
ഇനിയൊരാളുടെയും നിഴലിനുള്ളിൽ നിൽക്കാനോ നിർത്താനോ കഴിയാത്ത വണ്ണം അനിവാര്യതയായി മുഹമ്മദ് സിറാജ് മാറിക്കഴിഞ്ഞിരിക്കുന്നു. ജോലിഭാരമെന്ന കാരണം പറഞ്ഞ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിക്കൂവെന്ന് പറഞ്ഞാണ് ഇന്ത്യയുടെ പേസ് കുന്തമുനയെന്ന് വിശേഷിപ്പിക്കുന്ന സീനിയർ താരം ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിലെത്തിയത്. പരമ്പയിൽ ബുംറയില്ലാതെ കളിച്ച രണ്ട് മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചതെന്നത് ശ്രദ്ധേയമാണ്.
വിശ്രമമില്ലാതെ അഞ്ച് മത്സരങ്ങളും തുടർച്ചയായി കളിച്ച്, എറിഞ്ഞ അവസാന പന്തിനെ 143 കിലോമീറ്റർ വേഗതയിൽ ലാൻഡ് ചെയ്യിച്ച സിറാജിനെ ഇനി മാറ്റിനിർത്താൻ ടീം ഇന്ത്യക്കാകില്ല. ഒറ്റ സ്പെല്ലിൽ 10 ഓവർ വരെ എറിയുക, ഫീൽഡിങ് തുടരുക, ആവശ്യമുള്ളപ്പോൾ ഇംപാക്റ്റ് ഉണ്ടാക്കുക... ഇതിൽപരം എന്തുവേണം ഒരു ടെസ്റ്റ് ബൗളർക്ക്. പരിക്ക് വരും എന്ന പേരിൽ ബുംറ വിശ്രമിക്കുന്നു, മുഹമ്മദ് ഷമിയാകട്ടെ സ്ഥിരം പരിക്കിന്‍റെ പിടിയിലും. കളിക്കളത്തിൽ തികഞ്ഞ പോരാളിയായി സിറാജ് വളർന്നുവെന്നതിന്‍റെ വ്യക്തമായ തെളിവാണ് ഓവലിലെ രണ്ട് ഇന്നിങ്സിലായുള്ള ഒമ്പത് വിക്കറ്റ് പ്രകടനം. മത്സരത്തിൽ എറിഞ്ഞതാകട്ടെ 46.3 ഓവറുകളും.
ഐ.പി.എല്ലിലെ ചെണ്ട വിളിയിൽനിന്നും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ നേടുംതൂണായുള്ള വളർച്ച വിയർപ്പൊഴുക്കി തന്നെ നേടിയതാണ്. ബുംറയുടെ നിഴലിൽ ഇക്കാലമത്രയും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിപ്പോയിരുന്നു സിറാജ്. എന്നാലിപ്പോൾ ടീമിന് ആവശ്യമായി വന്നപ്പോൾ, പരമ്പരയിലെ 10 ഇന്നിങ്സിലും അയാൾ പന്തെറിഞ്ഞു, വിക്കറ്റുകൾ പിഴുതു. ഇംഗ്ലണ്ടിന് ഇന്ന് ജയിക്കണമായിരുന്നേൽ സിറാജിന്റെ എനർജി ലെവലിന് മേലെ അവർ എത്തണമായിരുന്നു. എന്നാൽ ഒരു ലോഡ്സിന് ഒരു ഓവൽ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് സിറാജ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവുമടങ്ങിയ മത്സരമാണ് ഓവലിൽ ഇന്ത്യ ആറ് റൺസിന് സ്വന്തമാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 367ൽ അവസാനിച്ചു. നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. ആരാധകർ പോലും ജയം അസാധ്യമെന്ന് വിലയിരുത്തിയ മത്സരത്തിൽ അപ്രതീക്ഷിതമായാണ് ഇന്ത്യൻ പേസർമാർ മത്സരം വഴിതിരിച്ചത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ സിറാജും നാല് വിക്കറ്റ് പിഴുത പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.