ഇസ്ലാമാബാദ്: പാകിസ്താന്‍റെ ഏകദിന, ട്വന്‍റി20 ക്രിക്കറ്റ് ടീം പരിശീലകനായി ന്യൂസിലൻഡിന്‍റെ മൈക്ക് ഹെസനെ നിയമിച്ചു. ഈമാസം 26ന് ഹെസൻ ടീമിന്‍റെ ചുമതല ഏറ്റെടുക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അറിയിച്ചു.
താൽക്കാലിക പരിശീലകനായ ആഖിബ് ജാവേദ് ന്യൂസിലൻഡ് പര്യടനത്തിലെ ടീമിന്‍റെ മോശം പ്രകടനത്തിനു പിന്നാലെ സ്ഥാനം ഒഴിഞ്ഞിരുന്നു. വിവിധ ടീമുകളെ പരിശീലിപ്പച്ചതിനു ശേഷമാണ് 50കാരനായ ഹെസൻ പാകിസ്താൻ ടീമിന്‍റെ മുഖ്യ പരിശീലകനായി എത്തുന്നത്. ഹെസനു കീഴിലാണ് ന്യൂസിലൻഡ് 2015 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2018ൽ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന്‍റെ മുഖ്യ പരിശീലകനായിരുന്നു. തൊട്ടടുത്ത വർഷം രാജിവെച്ചു. 2019ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ക്രിക്കറ്റ് ഓപറേഷൻ ഡയറക്ടറായി ചുമതലയേറ്റു.
നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ (പി.എസ്.എൽ) നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുനൈറ്റഡിന്‍റെ പരിശീലകനാണ്. ഈമാസം അവസാനം നാട്ടിൽ ബംഗ്ലാദേശിനെതിരെ അഞ്ചു ട്വന്‍റി20 മത്സരങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും പി.എസ്.എൽ നീട്ടിവെച്ചതോടെ ഈ പരമ്പരയുടെ തീയതിയിലും മാറ്റമുണ്ടാകും. ഈ പരമ്പരയാകും ഹെസന്‍റെ ആദ്യ ദൗത്യം. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പി.എസ്.എൽ നീട്ടിവെച്ചത്.
വേദി യു.എ.ഇയിലേക്ക് മാറ്റാനുള്ള നീക്കം നടത്തിയെങ്കിലും അനുമതി ലഭിച്ചില്ല. പുതിയ സമയക്രമം അനുസരിച്ച് ഈമാസം 25ന് പി.എസ്.എൽ ഫൈനൽ നടത്താനാണ് നീക്കം. വൈറ്റ് ബാൾ ക്രിക്കറ്റിൽ പാകിസ്താൻ പുരുഷ ടീമിന്‍റെ പുതിയ പരിശീലകനായി മുൻ ന്യൂസിലൻഡ് ക്രിക്കറ്റർ മൈക്ക് ഹെസനെ നിയമിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നുവെന്ന് പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.