രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ, പി.രാജീവ്, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ എന്നിവർ ഗ്രൂപ് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ –അരവിന്ദ് ലെനിൻ
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിന് പാരിതോഷികമായി 4.5 കോടി പ്രഖ്യാപിച്ച് ബി.സി.സി.ഐയും കേരള ക്രിക്കറ്റ് അസോസിയേഷനും.
ബി.സി.സി.ഐ മൂന്ന് കോടിയും കെ.സി.എ ഒന്നരക്കോടിയുമാണ് നൽകുക. കേരള ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയ ടീമിനെ ചൊവ്വാഴ്ച സംസ്ഥാന സർക്കാർ ആദരിച്ചു. പരിചയസമ്പത്തും യുവത്വവും ചടുതലയും ഒത്തുചേർന്ന വിന്നിങ് കോംബോയായിരുന്നു ഇത്തവണത്തെ ടീമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജയസമാനമായ നേട്ടമാണ് കേരള ടീം കൈവരിച്ചത്. അടുത്ത തവണ കപ്പ് നേടുന്നതിലേക്കുള്ള ചവിട്ടുപടിയാകണം ഫൈനൽ പ്രവേശനവും ഫൈനലിലെ മികച്ച പ്രകടനവും. തോൽവിയറിയാതെയാണ് കേരളം ഫൈനലിലെത്തിയത്. സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ഈ സീസണിൽ 600 റൺസിലേറെ നേടി. ക്യാപ്റ്റൻ സച്ചിൻ ബേബിയും പന്തുകൊണ്ട് എം.ഡി. നിധീഷും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്റെ വിജയങ്ങളിൽ നിർണായകമായ ജലജ് സക്സേനയും ആദിത്യ സർവതേയും, അവരെ മറുനാടൻ താരങ്ങളായാണ് വിശേഷിപ്പിക്കുന്നതെങ്കിലും അവരും കേരള സമൂഹത്തിന്റെ ഭാഗം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രഞ്ജി റണ്ണറപ്പ് ട്രോഫി ക്യാപ്റ്റൻ സച്ചിൻ ബേബി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങിൽ കായികമന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, പി. രാജീവ്, ജി.ആർ. അനിൽ, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.