മസ്കത്ത്: ബാറ്റർമാരും ബൗളർമാരും നിറംമങ്ങിയതോടെ ഒമാൻ ചെയർമാൻ ഇലവനെതിരായ അവസാന മത്സരത്തിൽ കേരളത്തിന് തോൽവി. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിൽ നടന്ന കളിയിൽ അഞ്ച് വിക്കറ്റിനാണ് ഒമാൻ ടീമിന്റെ ജയം.
ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇരു ടീമുകളും രണ്ടുവീതം ജയിച്ച് സമനിലയിൽ കലാശിച്ചു. കേരളം ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം 44 ഓവറിൽ ആതിഥേയർ അനായാസം ജയിച്ചുകയറുകയായിരുന്നു. മുഹമ്മദ് നദീമിന്റെയും (71), മുജീബ് ഉർ അലിയുടെയും (68) മിന്നുംപ്രകടനമാണ് വിജയം എളുപ്പമാക്കിയത്.
കേരള നിരയിൽ ഷോൺ റോജർ മാത്രമാണ് ഫോം കണ്ടെത്തിയത്. 96 പന്തിൽ 76 റൺസാണ് റോജറിന്റെ സംഭാവന. അഭിഷേക് നായർ 32ഉം പരമ്പരയിൽ രണ്ട് സെഞ്ച്വറിയുമായി തകർപ്പൻ ഫോമിലുണ്ടായിരുന്ന രോഹൻ കുന്നുമ്മൽ 28 റൺസുമായി മടങ്ങിയതോടെ സന്ദർശകരുടെ സ്കോർ 47.3 ഓവറിൽ 233 റൺസിൽ ഒതുങ്ങുകയായിരുന്നു.
നാല് വിക്കറ്റെടുത്ത ഷക്കീൽ അഹമ്മദ്, രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് നദീം, ആദിർ കലീം എന്നിവരുടെ കണിശമായ ബൗളിങ്ങാണ് കേരളത്തെ കുറഞ്ഞ സ്കോറിൽ പുറത്താക്കാൻ സഹായിച്ചത്. കേരള ബൗളർമാരിൽ ഷോൺ റോജർ രണ്ട് വിക്കറ്റും ഏദൻ ആപ്പിൾ ടോം, അഹ്മദ് ഇമ്രാൻ, നിധീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.