തിരുവനന്തപുരം: മരണഗ്രൂപ്പിൽ ഇടംപിടിച്ചതോടെ അടുത്ത രഞ്ജിട്രോഫി സീസണിൽ താരങ്ങൾക്കായി സർപ്രൈസ് പരിശീലന കളരിയൊരുക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. വേഗമേറിയ പിച്ചുകളിൽ കേരളത്തിന്റെ മുൻനിര ബാറ്റർമാർ പരാജയപ്പെടുന്ന സാഹചര്യത്തിൽ പേസ് ബൗളിങ്ങിനെ നേരിടാൻ ടീമിനെ ഒന്നാകെ പരിശീലനത്തിനായി ജമ്മു-കശ്മീരിലേക്ക് പാക്ക് ചെയ്യാനൊരുങ്ങുകയാണ് കെ.സി.എ.
ജമ്മു ആൻഡ് കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം ലഭിക്കുന്നതിനനുസരിച്ച് ടീം ജമ്മുവിലെ വേഗമേറിയ പിച്ചുകളിൽ പരിശീലനവും പ്രദർശന മത്സരങ്ങളും കളിക്കും. കഴിഞ്ഞ സീസണിൽ ടീം റണ്ണറപ് ആയെങ്കിലും രോഹൻ കുന്നുമ്മലടക്കം മുൻനിര ബാസ്മാൻമാരുടെ പ്രകടനത്തിൽ ടീം മാനേജ്മെന്റ് അത്ര തൃപ്തരല്ല.
സ്പിന്നർമാരെ ആത്മവിശ്വാസത്തോടെ നേരിടുന്നുണ്ടെങ്കിലും പേസിനെ നേരിടാൻ കൂടുതൽ പരിശീലനം വേണമെന്ന പരിശീലകൻ അമേയ് ഖുറേസിയയുടെ ആവശ്യപ്രകാരമാണ് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പിച്ചുകളുള്ള ജമ്മു-കശ്മീരിൽ ടീമിന് പരിശീലന സൗകര്യമൊരുക്കുന്നത്.
കാലാവസ്ഥ അനുയോജ്യമാകുന്ന മുറക്ക് ജമ്മുവിലും ശ്രീനഗറിലും പരിശീലനവും ചതുർദിന മത്സരങ്ങളും കളിക്കും. ജമ്മു-കശ്മീരിന് പുറമെ ലോകത്തിലെ വേഗമേറിയ പിച്ചുകളുള്ള ഇംഗ്ലണ്ടിലും ചതുർദിന മത്സരങ്ങൾക്കായി കെ.സി.എ ശ്രമിച്ചെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ടിലെ പ്രാദേശിക ലീഗ് മത്സരങ്ങളെയും തുടർന്ന് ഇ.സി.ബി അനുമതി നൽകിയില്ല.
അതിനാൽ ഈ വർഷം ഇംഗ്ലണ്ടിലേക്ക് പര്യടനം ഉണ്ടാകില്ല. പകരം അടുത്തവർഷത്തേക്ക് കൗണ്ടി ടീമുമായുള്ള മത്സരങ്ങൾക്ക് കെ.സി.എ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്റ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് ടൂർണമെന്റുകളിലും കേരളം ഇറങ്ങും. കൂടാതെ രഞ്ജി ചാമ്പ്യന്മാരായ വിദർഭക്കെതിരെയും സൗഹൃദമത്സരങ്ങൾക്കുള്ള സാധ്യത കെ.സി.എ തേടുന്നുണ്ട്.
കരുത്തരായ സൗരാഷ്ട്ര, ചണ്ഡീഗഢ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ എന്നീ ടീമുകളുൾപ്പെട്ട എലൈറ്റ് ഗ്രൂപ് ബിയിലാണ് കേരളം. ടൂർണമെന്റിന്റെ ആദ്യഘട്ടം ഒക്ടോബർ 15 മുതൽ നവംബർ 19 വരെയും നോക്കൗട്ട് മത്സരങ്ങൾ ഫെബ്രുവരി ആറുമുതൽ 28 വരെയും നടക്കും. നവംബർ 16 മുതൽ ഡിസംബർ 16 വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റ്.
ഇതിനിടയിൽ ആഗസ്റ്റ് 20 മുതൽ കേരള പ്രീമിയർ ലീഗിന്റെ രണ്ടാം സീസണും ആരംഭിക്കും. ഈ സാഹചര്യത്തിൽ താരങ്ങളുടെ വർക്ക് ലോഡും കായിക ക്ഷമതയും കെ.സി.എ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ്. ഓരോ താരത്തിന്റെയും ഫിറ്റ്സനസ് റിപ്പോർട്ടുകളും കൃത്യമായ ഇടവേളകളിൽ കെ.സി.എ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.