ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിന് ജോ റൂട്ടിന്റെ സെഞ്ച്വറിയോടെ തുടക്കം. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ അതിർത്തി കടത്തിയാണ് ജോ റൂട്ട് സെഞ്ച്വറി കുറിച്ചത്. ഇതോടെ ഒരു റെക്കോഡും റൂട്ട് സ്വന്തംപേരിൽ എഴുതിചേർത്തു.
നിലവിൽ കളത്തിലുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടുക്ക കളിക്കാരനെന്ന റെക്കോഡാണ് റൂട്ട് സ്വന്തമാക്കിയത്. ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെയാണ് റൂട്ട് മറികടന്നത്. എന്നാൽ, റൂട്ടിന്റെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടിയേറ്റു. ബെൻ സ്റ്റോക്ിനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പൊളിച്ചത്.
മത്സരത്തിൽ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ 83 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. ഓപണർമാരായ ബെൻ ഡക്കറ്റിനെയും (23) സാക് ക്രോളിയെയും (18) പുറത്താക്കി നിതീഷ് കുമാർ റെഡ്ഡി സന്ദർശകർക്ക് ആവേശം സമ്മാനിച്ചെങ്കിലും ഒലീ പോപ്പിനൊപ്പം (44) ചേർന്ന് റൂട്ട് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു.
പ്രതീക്ഷിച്ചപോലെ ഇന്ത്യൻ ഇലവനിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ മൂന്നാം ടെസ്റ്റിൽ തിരിച്ചെത്തി. മറ്റു മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുംറതന്നെ പുതിയ പന്തെടുത്തു; മറുതലക്കൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആകാശ് ദീപും. സസൂക്ഷ്മം കളിച്ച ഡക്കറ്റും ക്രോളിയും മോശം പന്തുകൾ കൈകാര്യം ചെയ്തു. ഒമ്പതാം ഓവറിൽ മറ്റൊരു പേസർ മുഹമ്മദ് സിറാജിനെ കൊണ്ടുവന്നു ക്യാപ്റ്റൻ ഗിൽ. 14ാം ഓവറിവാണ് നാലാം പേസറും ഓൾ റൗണ്ടറുമായ നിതീഷിനെ പരീക്ഷിക്കുന്നത്. ഇത് പാളിയില്ല. മൂന്നാം പന്തിൽ ഡക്കറ്റിനെ ഗ്ലൗസിലൊതുക്കി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ആറാം പന്തിൽ ക്രോളിക്കും സമാന വിധി. ഋഷഭിനു തന്നെ ക്യാച്. സ്കോർ രണ്ടിന് 44. പോപ്പും റൂട്ടും സംഗമിച്ച് രക്ഷാപ്രവർത്തനം തുടങ്ങി. ലഞ്ചിന് പിരിയുമ്പോൾ രണ്ടിന് 83.
രണ്ടാം സെഷനിൽ ഇന്ത്യക്ക് വിക്കറ്റ് കിട്ടാക്കനിയായി. ബുംറയും സിറാജും മാറിമാറി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടക്ക് തുടർച്ചയായ 26 പന്തുകളിൽ ഇരുവരും റൺ വഴങ്ങാതിരുന്നത് മിച്ചം. പോപ്പും റൂട്ടും പ്രതിരോധം മുറുക്കി. 36ാം ഓവറിലാണ് സ്കോർ മൂന്നക്കം തൊടുന്നത്. 102ാം പന്തിലായിരുന്നു റൂട്ടിന്റെ അർധ ശതകം. ചായ സമയത്ത് ഇംഗ്ലണ്ട് രണ്ടിന് 153. പോപ്പും (44) റൂട്ടും (54) ക്രീസിൽ. മൂന്നാം സെഷൻ തുടങ്ങി ആദ്യ പന്തിൽത്തന്നെ പോപ്പിന്റെ പോരാട്ടം അവസാനിപ്പിച്ചു രവീന്ദ്ര ജദേജ. 104 പന്തിൽ 44 റൺസെടുത്ത താരത്തെ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെൽ പിടിച്ചു. 54.5 ഓവറിൽ 172 റൺസിൽ നിൽക്കെ ഹാരി ബ്രൂക്കിനെ (11) ബുംറ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ ബെൻ സ്റ്റോക്സ് റൂട്ടിന് കൂട്ടായി നിലയുറപ്പിച്ചതോടെ സ്കോർ 250 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.