ദുബൈ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു അഫ്ഗാൻ പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതിൽ രൂക്ഷ വിമർശനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചെയർമാൻ ജയ് ഷാ. യുവ താരങ്ങളുടെ മരണം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് ഷാ എക്സിൽ കുറിച്ചു.
‘കബീർ ആഗ, സിബ്ഹത്തുല്ല, ഹാറൂൺ -മൂന്നു യുവ ക്രിക്കറ്റർമാരുടെ നഷ്ടം ഏറെ വേദനിപ്പിക്കുന്നു. ഹീനമായ ആക്രമണമാണ് ഇവരുടെ സ്വപ്നം ഇല്ലാതാക്കിയത്. മൂവരുടെയും മരണം അഫ്ഗാൻ ക്രിക്കറ്റിനു മാത്രമല്ല, ലോക ക്രിക്കറ്റിനു തന്നെ തീരാ നഷ്ടമാണ്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’ -ഷാ പോസ്റ്റ് ചെയ്തു. പാകിസ്താന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താൻ വേദിയാകുന്ന ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയിൽനിന്നും അഫ്ഗാൻ പിന്മാറി. ശ്രീലങ്കയാണ് പരമ്പരയിലെ മറ്റൊരു ടീം. പരമ്പരയിലേക്ക് മറ്റൊരു ടീമിനെ തേടുകയാണ് പി.സി.ബി.
അതേസമയം, ഐ.സി.സിയുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ രംഗത്തെത്തി. ഐ.സി.സി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പാകിസ്താൻ കുറ്റപ്പെടുത്തി.
പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ വീണ്ടും വെടിനിർത്തൽ. ഖത്തർ, തുർക്കിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ദോഹയിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ ധാരണയിലെത്തിയത്.
48 മണിക്കൂർ വെടിനിർത്തൽ സമയം കഴിഞ്ഞതിനു പിന്നാലെ ഇരുരാജ്യങ്ങൾക്കിടയിലും സംഘർഷം രൂക്ഷമായിരുന്നു. വെടിനിർത്തൽ ധാരണ നടപ്പാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സുരക്ഷക്കും സ്ഥിരതക്കും വരുംദിവസങ്ങളിൽ ചർച്ച തുടരാനും പാകിസ്താനും അഫ്ഗാനിസ്ഥാനും ധാരണയിലെത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച അഫ്ഗാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. 12 പേർക്ക് പരിക്കേറ്റു. നിരവധി സൈനികരടക്കം കൊല്ലപ്പെട്ട ഒരാഴ്ചത്തെ സംഘർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനിടയിൽ ശാശ്വത സമാധാനത്തിനായി തീവ്രശ്രമം നടത്താനും തീരുമാനിച്ചിരുന്നു.
ഈമാസം 25ന് തുര്‍ക്കിയയിലെ ഇസ്താംബൂളില്‍ ഇരുരാജ്യങ്ങളും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.
ഇതിനിടെയാണ് ധാരണകൾ ലംഘിച്ച് അഫ്ഗാനിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ സർക്കാറിലെ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സൻ പറഞ്ഞു. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, രഹസ്യാന്വേഷണ വിഭാഗം മേധാവി ആസിം മാലിക് എന്നിവരും പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യഅ്ഖൂബിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സംഘവുമാണ് ദോഹയിൽ ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.