ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ നടുവൊടുച്ചത് ജസ്പ്രീത് ബുംറയുടെ പ്രകടനമായിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ കപിൽദേവിന്റെ റെക്കോഡും മറികടന്നിരുന്നു. എന്നാൽ, റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തിയിട്ടും ജസ്പ്രീത് ബുംറ ആഘോഷം നടത്താത്തതാണ് കഴിഞ്ഞ ദിവസം ചർച്ചയായത്.
എന്നാൽ, ജോഫ്രെ ആർച്ചറുടെ അഞ്ചാം വിക്കറ്റ് നേടിയിട്ടും എന്തുകൊണ്ടാണ് ആഘോഷം നടത്താതിരുന്നതെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ബുംറ. സന്തോഷമില്ലാത്തതിനാലല്ല ക്ഷീണിതനായതിനാലാണ് ആഘോഷം നടത്താതിരുന്നതെന്ന് ബുംറ പറഞ്ഞു. ദീർഘനേരമായി താൻ പന്തെറിയുകയായിരുന്നു. ചിലപ്പോൾ ഇത്തരം അവസരങ്ങളിൽ തനിക്ക് ക്ഷീണമുണ്ടാകാറുണ്ടെന്ന് ബുംറ പറഞ്ഞു.
തനിക്കിപ്പോൾ 21-22 അല്ല പ്രായമെന്നും എപ്പോഴും വലിയ ആഘോഷപ്രകടനം താൻ നടത്താറില്ലെന്നും ടീമിന് വേണ്ടിയ നൽകിയ സംഭാവനയിൽ വലിയ അഭിമാനമുണ്ടെന്നും ബുംറ പറഞ്ഞു. വിക്കറ്റിന് ശേഷം മികച്ച രീതിയിൽ അടുത്ത പന്തെറിയുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ബുംറ പറഞ്ഞു.
ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 27 ഓവറിൽ 74 റൺസ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റെടുത്തത്.പരമ്പരയിൽ രണ്ടാം തവണയാണ് താരം അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ലീഡ്സിലെ ഒന്നാം ടെസ്റ്റിലും താരം അഞ്ചു വിക്കറ്റ് നേടിയിരുന്നു.
അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഇതിഹാസം കപിൽദേവിന്‍റെ റെക്കോഡ് ബുംറ മറികടന്നു. വിദേശ മണ്ണിൽ ഏറ്റവും കൂടുതൽ തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോഡ് ഇനി ബുംറക്ക് സ്വന്തം. ലോർഡ്സിൽ താരത്തിന്‍റേത് വിദേശ മണ്ണിലെ 13ാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ്.
കപിൽ ദേവ് 12 തവണയാണ് വിദേശ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേടിയത്. ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന 15ാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് ബുംറ. ആദ്യദിനം ഒരു വിക്കറ്റ് നേടിയ ബുംറ, രണ്ടാംദിനം നാലു വിക്കറ്റുകൾ കൂടി നേടിയാണ് ഈ നേട്ടത്തിലെത്തിയത്. സ്‌കോര്‍ 260 എത്തിയപ്പോള്‍ നായകൻ ബെന്‍ സ്റ്റോക്സിനെ മടക്കിയാണ് ബുംറ രണ്ടാംദിനം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
110 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സ്റ്റോക്സ് പുറത്തായത്. പിന്നാലെ ജോ റൂട്ടിനെയും തൊട്ടടുത്ത പന്തില്‍ ക്രിസ് വോക്‌സിനെയും (0) ബുംറ മടക്കി. ജൊഫ്ര ആർച്ചറെ ബൗൾഡാക്കിയാണ് ബുംറ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്.
എന്നാൽ, നേട്ടം ആഘോഷിക്കാൻ ബുംറ വലിയ താൽപര്യം കാണിച്ചില്ല. മടിച്ചുനിന്ന താരത്തിന്‍റെ കൈ മുഹമ്മദ് സിറാജാണ് ഗാലറിക്കുനേരെ ഉയർത്തികാണിച്ചത്. 66ാമത്തെ വിദേശ ടെസ്റ്റിലാണ് ബുംറ ഈ നേട്ടത്തിലെത്തിയത്. 10 തവണ അഞ്ചു വിക്കറ്റ് നേടിയ മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയാണ് മൂന്നാമത്. കൂടാതെ, ‘സുൽത്താൻ ഓഫ് സ്വിങ്’ എന്നറിയപ്പെടുന്ന പാകിസ്താൻ ഇതിഹാസം വാസീം അക്രത്തിന്‍റെ അപൂർവ റെക്കോഡിനൊപ്പമെത്താനും ബുംറക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.