‘അങ്ങനെ സൺറൈസേഴ്സ് ജയിച്ചു’; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്

ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം. പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 143 റൺസെടുത്തു. ഹൈദരാബാദ് 17 പന്ത് ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 145ലെത്തി.

രാഹുൽ ത്രിപാഠി 48 പന്തിൽ 74 റൺസുമായി പുറത്താവാതെ നിന്നു വിജയത്തിൽ നിർണായകമായി. ത്രിപാഠി 10 ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി. 21 പന്തുകളിൽ 37 റൺസുമായി നായകൻ ഐഡൻ മാർക്രം താരത്തിന് ശക്തമായ പിന്തുണ നൽകി. ഓപണർമാരായ ഹാരി ബ്രൂക്കും (13) മായങ്ക് അഗർവാളും (21) കാര്യമായൊന്നും ​ചെയ്യാതെ മടങ്ങുകയായിരുന്നു.

നേരത്തേ, മറുതലക്കൽ തകർന്നടിയുമ്പോഴും ഓപണറായി ഇറങ്ങി അവസാന പന്ത് വരെ പോരാടിയ നായകൻ ശിഖർ ധവാന് (66 പന്തിൽ 99 നോട്ടൗട്ട്) നിർഭാഗ്യത്താൽ സെഞ്ച്വറി നഷ്ടമായെങ്കിലും പഞ്ചാബിനെ മാന്യമാ‍യ സ്കോറിലെത്തിക്കാൻ കഴിഞ്ഞു. സാം കറൻ (22) ഒഴിച്ച് അവശേഷിച്ച ബാറ്റർമാർക്ക് ആർക്കും അഞ്ചിൽ കൂടുതൽ റൺസ് നേടാൻ കഴിഞ്ഞില്ല. വാലറ്റത്ത് മോഹിത് രാതീയെ (1) കാഴ്ച്ചക്കാരനാക്കിയായിരുന്നു നായകന്റെ ഗംഭീര ഇന്നിങ്സ്.

നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മായങ്ക് മാർക്കണ്ഡേ ഹൈദരാബാദിന്റെ ബൗളിങ് നിരയിൽ മിന്നി. സൂപ്പർഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക് നാലോവറിൽ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇടങ്കയ്യൻ പേസർ മാർകോ ജെൻസൻ മൂന്നോവറിൽ 16 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി.

പ്രഥമ ഓവറിലെ ആദ്യ പന്തിൽത്തന്നെ പ്രഭ്സിമ്രാൻ സിങ്ങിനെ (0) വിക്കറ്റിനു മുന്നിൽ കുടുക്കി ഭുവനേശ്വർ കുമാർ വരാൻ പോകുന്ന തകർച്ചയെക്കുറിച്ച് പഞ്ചാബിന് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം ഓവറിൽ മാത്യു ഷോർട്ടിനെ (1) ജൻസെനും സമാനരീതിയിൽ മടക്കി. നാലാം ഓവറിൽ ജിതേഷ് ശർമയെയും (4) ജൻസെൻ പറഞ്ഞുവിട്ടതോടെ മൂന്നിന് 22. ധവാനൊപ്പം സാം കറൻ (15 പന്തിൽ 22) അൽപനേരം പോരാടിയത് പഞ്ചാബിന് ആശ്വാസമായി. അവസാന ഓവറിൽ സെഞ്ച്വറിക്കായി ധവാന് മോഹിത് രതി സ്ട്രൈക് കൈമാറി. രണ്ടാം പന്തിൽ രണ്ടു റൺസെടുത്ത നായകൻ 93ലെത്തി. രണ്ടു റൺസ് സാധ്യമല്ലാത്തതിനാൽ അടുത്ത മൂന്നു പന്തുകൾ ധവാൻ നഷ്ടപ്പെടുത്തുന്നതാണ് പിന്നെ കണ്ടത്. ആറാം പന്തിൽ സിക്സറടിച്ച് 99 ആക്കി.

Tags:    
News Summary - IPL2023: Sunrisers Hyderabad vs Punjab Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.