വീണ്ടും റിങ്കു-നിതീഷ് ഷോ; സൺറൈസേഴ്സിനെ പേടിപ്പിച്ച് കീഴടങ്ങി കെ.കെ.ആർ

കൊൽക്കത്ത: ഐ.പി.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ തട്ടകത്തിൽ 23 റൺസിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ്, ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ (100) ബലത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ കൊൽകത്തക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം സമ്മാനിച്ച, നിതീഷ് റാണയും റിങ്കു സിങ്ങും വീണ്ടും തിളങ്ങിയെങ്കിലും വിജയം മാത്രം വിട്ടുനിന്നു. ഇരുവരും ചേർന്ന് 24 പന്തുകളിൽ 70 റൺസാണ് കെ.കെ.ആറിന് സമ്മാനിച്ചത്.

കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി താരമായ റിങ്കു സിങ് ഇന്നും അവസാന ഓവറുകളിൽ വെടിക്കെട്ടുമായി സൺറൈസേഴ്സിന് നെഞ്ചിടിപ്പ് സമ്മാനിച്ചു. എന്നാൽ, 32 റൺസ് വേണ്ടിയിരുന്ന 20-ാമത്തെ ഓവറിൽ കെ.കെ.ആർ നിരാശപ്പെടുത്തി. നിതീഷ് റാണ 41 പന്തുകളിൽ ആറ് സിക്സറുകളും അഞ്ച് ബൗണ്ടറികളുമടക്കം 75 റൺസ് എടുത്തപ്പോൾ, റിങ്കു 31 പന്തുകളിൽ നാല് വീതം സിക്സറും ബൗണ്ടറികളുമടക്കം 58 റൺസ് നേടി.

തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം. 20 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. എന്നാൽ, എൻ ജഗദീഷൻ (36) നിതീഷ് റാണക്കൊപ്പം ചേർന്ന് സ്കോർ ഉയർത്തുകയായിരുന്നു. സ്കോർ 82ൽ നിൽക്കെ ജഗദീഷൻ മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ പുറത്തായി. പിന്നാലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രെ റസലും ആറ് പന്തുകളിൽ മൂന്ന് റൺസ് മാത്രമെടുത്ത് കൂടാരം കയറി. ശേഷമെത്തിയ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ചാണ് നിതീഷ് റാണ റൺമല കയറാൻ തുടങ്ങിയത്. ഹൈദരാബാദിന് വേണ്ടി മാർകോ ജാൻസനും മാർക്കണ്ഡെയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.


അതേസമയം, സൺറൈസേഴ്സിനായി അപരാജിത വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞ ബ്രൂക്ക് 55 പന്തുകളിലാണ് 100 റൺസെടുത്തത്. താരത്തിന്‍റെ പ്രഥമ ഐ.പി.എൽ സെഞ്ച്വറിയാണിത്. വൻ തുക മുടക്കി ടീമിലെത്തിച്ച താരം ആദ്യം മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇന്ന് കൊൽക്കത്തൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് കണ്ടത്. 32 പന്തിലാണ് ബ്രൂക്ക് അർധ സെഞ്ച്വറിയിലെത്തിയത്.

ഹൈദരാബാദ് 13.25 കോടി രൂപക്കാണ് ഹാരിയെ സ്വന്തമാക്കിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാകിസ്താൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. അതു വെറുതെയായില്ല. വിമർശകരുടെ വായടപ്പിക്കുന്ന താരത്തിലായിരുന്നു താരത്തിന്‍റെ ബാറ്റിങ്.

എയ്ഡൻ മാർക്രം 26 പന്തിൽ 50 റൺസും അഭിഷേക് ശർമ 17 പന്തിൽ 32 റൺസും എടുത്ത് പുറത്തായി. മായങ്ക് അഗർവാൾ (13 പന്തിൽ ഒമ്പത്), രാഹുൽ ത്രിപാഠി (നാലു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹെൻറിച്ച് ക്ലാസ്സെൻ ആറു പന്തിൽ 16 റൺസെടുത്ത് പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി ആന്ദ്രെ റസ്സൽ മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.

Tags:    
News Summary - IPL2023: Kolkata Knight Riders vs Sunrisers Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.