ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ ചാരമാക്കി ചെന്നൈ; 49 റൺസ് ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത്

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തരിപ്പണമാക്കി ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. 236 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കെ.കെ.ആറിനെ ചെന്നൈ ബൗളർമാർ 186 റൺസിന് ഒതുക്കി. സ്​കോർ: ചെന്നൈ - 235 (4 wkts, 20 Ov) / കൊൽക്കത്ത -186 (8 wkts, 20 Ov)

ജേസൺ റോയും (26 പന്തുകളിൽ 61) റിങ്കു സിങ്ങും (33 പന്തുകളിൽ 53) വെടിക്കെട്ട് ബാറ്റിങ്ങുമായി ചെറു പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ സീസണിലെ തുടർച്ചയായ നാലാം തോൽവിയേറ്റുവാങ്ങുകയായിരുന്നു നിതീഷ് റാണയുടെ സംഘം. അതേസമയം, ചെന്നൈക്കിത് തുടർച്ചയായ മൂന്നാം ജയമാണ്. ഏഴ് കളികളിൽ അഞ്ച് ജയവുമായി ധോണിപ്പട പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. കൊൽക്കത്തക്ക് ഏഴ് കളികളിൽ രണ്ട് ജയം മാത്രമാണുള്ളത്.

കൂടുതൽ റൺസ് വിട്ടുകൊടുക്കാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയുള്ള ചെന്നൈ ബൗളർമാരുടെ പ്രകടനം കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് തിരിച്ചടിയായി. ആദ്യ ഓവറിൽ തന്നെ അവർക്ക് സുനിൽ നരയ്നെ നഷ്ടമായി. സംപൂജ്യനായാണ് താരം മടങ്ങിയത്. രണ്ടാമത്തെ ഓവറിൽ ഓപണറായ ജഗദീഷനും (1) തുഷാർ ദേഷ്പാണ്ഡെയുടെ പന്തിൽ പുറത്തായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ചെന്നൈ, 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 235 റൺസെടുത്തത്. അജിൻക്യ രഹാനെ (29 പന്തിൽ 71*), ഡെവോൺ കോൺവേ (40 പന്തിൽ 56), ശിവം ദുബെ (21 പന്തിൽ 50) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ചെന്നൈയുടെ സ്കോർ 200 കടത്തിയത്. റുതുരാജ് ഗെയ്ക്‍വാദ് 20 പന്തുകളിൽ മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടക്കം 35 റൺസ് നേടി.

Tags:    
News Summary - IPL2023: Chennai Super Kings won by 49 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.