ഐ.പി.എൽ മത്സരങ്ങൾ നിർത്തിവെച്ചു; തീരുമാനം ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ

മുംബൈ: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി റിപ്പോർട്ട്. താരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

ബി.സി.സി.ഐയോ, ഐ.പി.എൽ അധികൃതരോ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഘർഷ സാഹചര്യത്തിൽ ഐ.പി.എൽ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബി.സി.സി.ഐ പ്രതിനിധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചത്.

വ്യാഴാഴ്ച അതിർത്തിയിൽ പാകിസ്താൻ പ്രകോപനത്തെ തുടർന്ന് ധരംശാലയിൽ പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിയിൽ ഉപേ‍ക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഐ.പി.എൽ 2025 സീസണിന്‍റെ ഭാവി അനിശ്ചിതത്വത്തിലായി. 

ധരംശാലയിലുള്ള മുഴുവൻ ഐ.പി.എൽ താരങ്ങളെയും ടീം സ്റ്റാഫുകളെയും മറ്റും പത്താൻകോട്ടിൽനിന്ന് ട്രെയിനിലാണ് സുരക്ഷിതമായി ഡൽഹിയിലെത്തിച്ചത്. ഐ.പി.എല്ലിലുള്ള വിദേശ താരങ്ങളിൽ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ടീം അധികൃതരോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. വിദേശ താരങ്ങളും സപ്പോർട്ട് സ്റ്റാഫും മാച്ച് ഓഫിഷ്യലുകളും ഉൾപ്പെടെ നിരവധിപേർ ഐ.പി.എല്ലുമായി സഹകരിക്കുന്നുണ്ട്. ‘സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. സർക്കാറിൽനിന്ന് ഇതുവരെ പ്രത്യേക നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച് ഉചിതമായ തീകുമാനമെടുക്കും’ -ഐ.പി.എൽ ചെയർമാൻ അരുൺ ധുമൽ പറഞ്ഞു. ടോസ് നേടി ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 10.1 ഓവറിൽ 122 റൺസെടുത്തു നിൽക്കെയാണ് മത്സരം ഉപേക്ഷിക്കുന്നത്.

രാത്രി 9.30ന് സ്റ്റേഡിയത്തിലെ ഒരു ഫ്ലെഡ് ലൈറ്റ് കണ്ണടച്ചു. പുതിയ ബാറ്ററായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ക്രിസിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. പിന്നീട് രണ്ട് ഫ്ലെഡ് ലൈറ്റ് ടവറുകളിൽ കൂടി വൈദ്യുതി നിലച്ചു. മറ്റൊരു ലൈറ്റ് മാത്രം കത്തിനിന്നു.

സാങ്കേതിക കാരണങ്ങളാൽ മത്സരം ഉപേക്ഷിച്ചിരിക്കുന്നു എന്നായിരുന്നു 9.40ന് അറിയിപ്പ് ലഭിച്ചത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ സ്റ്റേഡിയത്തിലെ ലൈറ്റ് ടവറുകളിൽ ഒന്ന് തകരാറിലായെന്നും സ്റ്റേഡിയത്തിൽ കാണികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. പരിഭ്രാന്തരായ കാണികളെ പിന്നീട് ഒഴിപ്പിക്കുകയായിരുന്നു. താരങ്ങളെയും സുരക്ഷിതമായി ഹോട്ടലുകളിൽ എത്തിച്ചു. 23000 കാണികളെ ഉൾക്കൊള്ളുന്ന ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ഇന്നലെ 80ശതമാനത്തോളം നിറഞ്ഞിരുന്നു. ഐ.പി.എൽ ചെയർമാൻ അടക്കമുള്ളവർ കളികാണാനുണ്ടായിരുന്നു. ജമ്മുവിലടക്കം ചില സംഭവങ്ങളുണ്ടായതിനാൽ മുൻകരുതൽ എന്ന നിലയിലാണ് കളി നിർത്തിയതെന്ന് ധുമൽ പറഞ്ഞു. കാണികൾ പരിഭ്രാന്തരാകാതെ സ്റ്റേഡിയം വിട്ടെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - IPL 2025 suspended indefinitely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.