ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ മെഗാ താരലേലത്തിലേക്കുള്ള കളിക്കാരുടെ പട്ടിക പകുതിയാക്കി കുറച്ചു. നേരത്തേ സമർപ്പിച്ച 1214 പേരുടെ പട്ടികയാണ് 590 പേരുടേതാക്കി കുറച്ചത്. ഇതിൽ 228 കളിക്കാർ അന്താരാഷ്ട്ര താരങ്ങളും 355 പേർ അല്ലാത്തവരുമാണ്. ഏഴു പേർ അസോസിയേറ്റ് രാജ്യങ്ങളിൽനിന്നുള്ളവരും. പട്ടികയിലെ 370 പേർ ഇന്ത്യൻ താരങ്ങളും 220 പേർ വിദേശികളുമാണ്.
മലയാളി താരങ്ങളായ എസ്. ശ്രീശാന്ത്, സചിൻ ബേബി, കെ.എം. ആസിഫ്, രോഹൻ കുന്നുമ്മൽ, എം.ഡി. നിധീഷ്, സിജോമോൻ ജോസഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ, എസ്. മിഥുൻ, വിഷ്ണു വിനോദ് തുടങ്ങിയ മലയാളിതാരങ്ങളും പട്ടികയിലുണ്ട്. ലേലമേശയിലെ ഉയർന്ന അടിസ്ഥാനവിലയായ രണ്ടു കോടി രൂപയിലുള്ളത് 48 പേരാണ്. ഇവരിൽതന്നെ 10 താരങ്ങളെ മാർക്വി കളിക്കാരായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, മുഹമ്മദ് ഷമി, ആർ. അശ്വിൻ, ശ്രേയസ് അയ്യർ, വിദേശതാരങ്ങളായ ഡേവിഡ് വാർണർ, ഫാഫ് ഡുപ്ലസി, പാട്രിക് കമ്മിൻസ്, ക്വിന്റൺ ഡികോക്, കാഗിസോ റബാദ, ട്രെന്റ് ബോൾട്ട് എന്നിവരാണ് മാർക്വി താരങ്ങൾ.
സുരേഷ് റെയ്ന, ഭുവനേശ്വർ കുമാർ, ദിനേശ് കാർത്തിക്, അമ്പാട്ടി റായുഡു, ഉമേഷ് യാദവ്, യുസ് വേന്ദ്ര ചഹൽ, റോബിൻ ഉത്തപ്പ, ക്രുണാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, ഇഷാൻ കിഷൻ, ദീപക് ചഹാർ, ശർദൂൽ ഠാകുർ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് മില്ലർ, ഷിംറോൺ ഹെറ്റ്മെയർ, ജേസൺ റോയ്, ശാകിബുൽ ഹസൻ, മിച്ചൽ മാർഷ്, സാം ബില്ലിങ്സ്, മാത്യു വെയ്ഡ്, ലോക്കി ഫെർഗൂസൻ, ജോഷ് ഹാസൽവുഡ്, മുസ്തഫിസുർറഹ്മാൻ, മാർക് വുഡ്, ആദിൽ റഷീദ്, ഇംറാൻ താഹിർ, ആദം സാംബ, മുജീബ് റഹ്മാൻ, ക്രിസ് ജോർഡൻ, നതാൻ കോൾട്ടർ നൈൽ, എവിൻ ലൂയിസ്, ജോഫ്ര ആർച്ചർ, ജെയിംസ് വിൻസ്, മർച്ചന്റ് ഡിലാൻഗ്, സാഖിബ് മഹ്മൂദ്, ആഷ്ടൺ ആഗർ, ഡേവിഡ് വില്ലി, ക്രെയ്ഗ് ഓവർട്ടൺ എന്നിവരാണ് രണ്ടു കോടി അടിസ്ഥാനവിലയുള്ള മറ്റു താരങ്ങൾ.
ഒന്നരക്കോടി അടിസ്ഥാനവിലയിൽ 20 താരങ്ങളും ഒരു കോടി അടിസ്ഥാനവിലയിൽ 34 താരങ്ങളുമുണ്ട്. 42കാരനായ ദക്ഷിണാഫ്രിക്കയുടെ ഇംറാൻ താഹിറാണ് പട്ടികയിലെ കാരണവർ. ബേബി 17കാരനായ അഫ്ഗാൻ സ്പിന്നർ നൂർ അഹ്മദും. ഈമാസം 12, 13 തീയതികളിലായി ബംഗളൂരുവിലാണ് മെഗാ താരലേലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.