മൂന്നാം ട്വന്‍റി20യിൽ ഇന്ത്യൻ വനിതകൾക്ക് ഏഴു വിക്കറ്റ് തോൽവി; ഓസീസിന് പരമ്പര

മുംബൈ: ഇന്ത്യക്കെതിരായ വനിത ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയക്ക് ഏഴുവിക്കറ്റ് ജയം. പരമ്പര ഓസീസ് സ്വന്തമാക്കി (2-1). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ എട്ടു പന്തുകൾ ശേഷിക്കെ ഓസീസ് ലക്ഷ്യത്തിലെത്തി.

സ്കോർ: ഇന്ത്യ -20 ഓവറിൽ ആറു വിക്കറ്റിന് 147. ആസ്ട്രേലിയ - 18.4 ഓവറിൽ മൂന്നു വിക്കറ്റിന് 149.

നേരത്തെ ഏകദിന പരമ്പരയും ഓസീസ് തൂത്തുവാരിയിരുന്നു. ഓപ്പണർമാരായ അലിസ്സ ഹീലിയുടെയും ബേത്ത് മൂണിയുടെയും അർധ സെഞ്ച്വറി പ്രകടനമാണ് ഓസീസ് വിജയത്തിൽ നിർണായകമായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 10 ഓവറിൽ 85 റൺസാണ് അടിച്ചെടുത്തത്. 38 പന്തിൽ 55 റൺസെടുത്ത ഹീലിയെ ദീപ്തി ശർമ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. മൂണി 45 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്നു.

തഹ്ലിയ മഗ്രാത്ത് 15 പന്തിൽ 20 റൺസെടുത്തു. ഇന്ത്യക്കായി പൂജ വസ്ത്രകാർ രണ്ടു വിക്കറ്റും ദീപ്തി ശർമ ഒരു വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്കായി 28 പന്തിൽ 34 റൺസടിച്ച് റിച്ച ഘോഷ് ടോപ് സ്കോററായി. മികച്ച തുടക്കം ലഭിച്ചശേഷം വിക്കറ്റുകൾ മുറക്ക് വീഴുകയായിരുന്നു. ഓപണർമാരായ ഷഫാലി വർമ 17 പന്തിൽ 26ഉം സ്മൃതി മന്ദാന 28 പന്തിൽ 29ഉം റൺസ് നേടി.

ദീപ്തി ശർമ 14ഉം ജെമീമ റോഡ്രിഗസ് രണ്ടും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മൂന്നും റൺസെടുത്ത് മടങ്ങി. അമൻജ്യോത് കൗറും (14 പന്തിൽ 17) പൂജ വസ്ത്രകാറും (രണ്ട് പന്തിൽ ഏഴ്) പുറത്താകാതെനിന്നു. ഓസീസിനായി അന്ന ബെൽ സതർലാൻഡും ജോർജിയ വരേഹമും രണ്ട് വീതം വിക്കറ്റെടുത്തു.

Tags:    
News Summary - Indian women lost by seven wickets in the third Twenty20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.