ബൗളിങ്ങിൽ ഒന്നാമൻ സിറാജ്; ഇതേ റാങ്കിങ്ങിലെത്തിയ രണ്ടുപേർ ഇപ്പോഴും ടീമിലുണ്ട്..

ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാം നമ്പറിലേക്ക് മുഹമ്മദ് സിറാജ് എറിഞ്ഞുകയറുമ്പോൾ ഇതേ ആദരം സ്വന്തമാക്കി അഞ്ചു പേർ കൂടി ഇന്ത്യക്കാരായുണ്ട്. ഇവരിൽ രണ്ടു പേർ ഇപ്പോഴും നീലക്കുപ്പായമണിയുന്നവരുമാണ്. മൊത്തം ആറ് ഇന്ത്യക്കാർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിച്ചതിൽ മൂന്നു സ്പിന്നർമാരും മൂന്നു പേസർമാരുമാണ്.

ചെറുകാലയളവു മാത്രം ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന മനീന്ദർ സിങ് ആണ് ആദ്യമായി ഒന്നാമതെത്തിയ ഇന്ത്യക്കാരൻ. 1980കളിൽ ദേശീയ നിരയിലെ പ്രധാന കണ്ണിയായിരുന്ന താരം 1987ൽ നേടിയത് 30 ഏകദിന വിക്കറ്റുകൾ. ഇതേ വർഷം ഒന്നാം സ്ഥാന​വും പിടിച്ചു. ഫാസ്റ്റ് ബൗളർമാർ വാഴും കാലത്തായിരുന്നു ബാറ്റർമാരെ കറക്കിയെറിഞ്ഞ് മനീന്ദർ സ്വപ്ന നേട്ടം തൊട്ടത്.

രണ്ടു വർഷം കഴിഞ്ഞ് ഇന്ത്യൻ നായകനായിരുന്ന കപിൽ ദേവും ഒന്നാം റാങ്കുകാരനായി. ഫാസ്റ്റ് ബൗളർമാർ കുറഞ്ഞ ഇന്ത്യൻ വിക്കറ്റുകളിൽ പേസിന്റെ രാജാവായിട്ടായിരുന്നു കപിലിന്റെ വാഴ്ച. അതുകഴിഞ്ഞ് 1996ൽ ഒന്നാമനായത് അനിൽ കും​െബ്ല. ഏകദിനത്തിൽ 271 മത്സരങ്ങളിൽനിന്നായി 337 വിക്കറ്റാണ് കും​െബ്ലയുടെ സമ്പാദ്യം.

ഇനിയുള്ള രണ്ടുപേരും നിലവിലെ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. രവീന്ദ്ര ജഡേജയാണ് ഒരാൾ. 2013 ആഗസ്റ്റിലായിരുന്നു താരം ഏറ്റവും ഉയർന്ന റാങ്കിങ് പിടിച്ചത്. ആ വർഷം 52 ഏകദിന വിക്കറ്റുകളായിരുന്നു താരത്തി​ന്റെ സമ്പാദ്യം. ഇപ്പോഴും ടീമിൽ ഇടം നഷ്ടപ്പെടാത്ത താരം ആരോഗ്യസ്ഥിതി വീണ്ടെടുത്ത് അതിവേഗം തിരിച്ചുവരുന്നതിനുള്ള കാത്തിരിപ്പിലാണ്.

രണ്ടു തവണ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയവനാണ് ജസ്പ്രീത് ബുംറ. 2018ലും 2022ലും. പരിക്കാണ് താരത്തിനും വില്ലൻ. 

ബുംറയും ജഡേജയും വിട്ടുനിൽക്കുന്ന ബൗളിങ്ങിൽ അവർക്കൊപ്പം എറിഞ്ഞുകയറിയാണ് ഒടുവിൽ മുഹമ്മദ് സിറാജ് ഒന്നാമനാകുന്നത്. നിലവിൽ, ആദ്യ 10ൽ ഇന്ത്യയിൽനിന്ന് മറ്റാരുമില്ല. 

Tags:    
News Summary - Indian bowlers who have been number one as per the ODI rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.