ലഹോർ: പാകിസ്താനിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നത്തെ ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിൽ സംഘാടകർക്ക് സംഭവിച്ചത് വൻ അബദ്ധം. മത്സരത്തിന് മുമ്പ് ഏറ്റുമുട്ടുന്ന ഇരു ടീമുകളുടെയും ദേശീയഗാനം സ്റ്റേഡിയത്തിൽ കേൾപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഇന്ന് സ്റ്റേഡിയത്തിൽ ഉയർന്ന് കേട്ടത് പക്ഷേ ഇന്ത്യയുടെ ദേശീയഗാനമായിരുന്നു.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിന്റെ ദേശീയഗാനത്തിന് ശേഷം ആസ്ട്രേലിയന്‍ ദേശീയഗാനം പ്രതീക്ഷിച്ചിരുന്ന ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങുകയായിരുന്നു. പിഴവ് മനസ്സിലാക്കി പെട്ടെന്ന് തന്നെ ആസ്ട്രേലിയന്‍ ദേശീയഗാനം മുഴങ്ങുന്നുമുണ്ട്. സംഭവത്തിന്റെ വിഡിയോ വൈറലാണ്.
പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നടക്കുക യു.എ.ഇയിലാണ്. രാഷ്ട്രീയകാരണങ്ങളാൽ പാകിസ്താനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു.
ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഓപ്പണർ ശുഭ്മൻ ഗില്ലിന്‍റെ അപരാജിത സെഞ്ച്വറിയുടെ ബലത്തിൽ ബംഗ്ലാദേശിന്‍റെ 229 റൺസ് വിജയലക്ഷ്യം ഇന്ത്യ 21 പന്തുകൾ ബാക്കി നിൽക്കെയാണ് മറികടന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 46.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. നാളെ ദുബൈയിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.