ലീഡ്സ്: കളി നയിച്ചും മഴ നനച്ചും ഭാഗ്യം ഇരുവശത്തും മാറിനിന്ന ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ ജയം ആതിഥേയർക്കൊപ്പം നിന്നു. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ആദ്യ അങ്കം ജയിച്ച് കയറിയത്. ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനായി സെഞ്ച്വറിയുമായി ബെൻ ഡക്കറ്റും (149), അർധ സെഞ്ച്വറിയുമായി സാക് ക്രോളിയും(65) ജോ റൂട്ടും (53*) ചേർന്നതോടെ ലക്ഷ്യം അനായാസം മറികടന്നു. സ്കോർ: ഇന്ത്യ -471&364, ഇംഗ്ലണ്ട് -465 & 373.
344 റൺസ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് ഓപണർമാർ കരുതലോടെ ബാറ്റുവിശീയപ്പോൾ വിക്കറ്റ് വീഴ്ത്തി മേൽക്കൈ ഉറപ്പിക്കാനുള്ള ഇന്ത്യൻ ബൗളർമാരുടെ ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല. ഒരുവശത്ത് ബെൻ ഡക്കറ്റ് ഏകദിന ശൈലിയിൽ ബാറ്റുവീശി റണ്ണുയർത്തിയപ്പോൾ സാക് ക്രോളി ഒട്ടും തിടുക്കം കാട്ടാതെ വിക്കറ്റ് കാത്ത് കൂടെ നിന്നു. ആദ്യ ഇടവേളക്ക് പിരിയുമ്പോൾ ഡക്കറ്റ് അർധ സെഞ്ച്വറി പിന്നിട്ടിരുന്നു. താരം 64 റൺസിലെത്തിയപ്പോൾ ക്രോളി 42 റൺസുമായും നിന്നു.
ബുംറക്ക് പുറമെ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഷാർദുൽ താക്കൂറുമടക്കം പേസർമാർ ഒന്നിച്ച് സമ്മർദവുമായി ഇറങ്ങിയിട്ടും ക്രോളിയും ഡക്കറ്റും കുലുങ്ങിയില്ല. ഏറ്റവും അപകടകാരിയായ ബുംറ ഏതുനിമിഷവും കുറ്റി തെറിപ്പിക്കുമെന്നതിനാൽ താരത്തെ നേരിടുന്നതിൽ നന്നായി ഗൃഹപാഠം ചെയ്തായിരുന്നു ഇരുവരുടെയും പ്രകടനം. 42ൽ നിൽക്കെ ക്രോളി നൽകിയ റിട്ടേൺ ക്യാച്ച് കൈയിലൊതുക്കുന്നതിൽ താരം പരാജയപ്പെടുകയും ചെയ്തു. സിറാജും അപകടം വിതക്കുമെന്ന് പലവട്ടം തോന്നിച്ചെങ്കിലും കുലുക്കമുണ്ടായില്ല. ഒരുവട്ടം ജയ്സ്വാൾ അനായാസ ക്യാച്ച് കൈവിടുന്നതും കണ്ടു. 121 പന്തിലായിരുന്നു ഡക്കറ്റിന്റെ സെഞ്ച്വറി. ഇതിനിടെ 14 ഫോറുകളും താരം പറത്തിയിരുന്നു. ഇതിനിടെ ടെസ്റ്റിൽ ഇരുവരുടെയും കൂട്ടുകെട്ട് 2000 റൺസ് എന്ന നേട്ടവും പിന്നിട്ടു.
16.2 ഓവറിൽ 50 പിന്നിട്ട ഇംഗ്ലണ്ട് 25ാം ഓവറിൽ 100ഉം 36ൽ 150ലുമെത്തി. ഒടുവിൽ പ്രസിദ്ധ് കൃഷ്ണയെത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. കെ.എൽ രാഹുലിന്റെ കൈളിലെത്തിച്ച് ക്രോളി മടങ്ങുമ്പോൾ 65 റൺസായിരുന്നു സമ്പാദ്യം.
44ാം ഓവറിൽ 200 തൊട്ട ഇംഗ്ലണ്ടിന് പക്ഷേ, പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ച ബാധിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്ന ഓലി പോപ് രണ്ടക്കം കടക്കും മുമ്പ് പ്രസിദ്ധിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എട്ടു റൺസ് മാത്രമായിരുന്നു സമ്പാദ്യം. വീണ്ടും വലിയ പരിക്കില്ലാതെ മുന്നോട്ടുപോയ കളി സെഞ്ചൂറിയൻ ഡക്കറ്റ് ഷാർദുൽ താക്കൂറിനു മുന്നിൽ കീഴടങ്ങിയതോടെ വീണ്ടും മാറി. 21 ഫോറും ഒരു സിക്സുമടക്കം 149 റൺസിൽ നിൽക്കെയായിരുന്നു ഡക്കറ്റിന്റെ മടക്കം. കഴിഞ്ഞ ഇന്നിങ്സിൽ 99 റൺസെടുത്ത ഹാരി ബ്രൂക്ക് താക്കൂറിന് തന്നെ വിക്കറ്റ് സമ്മാനിച്ച് സംപൂജ്യനായി തിരികെ പോയി.
ഇതോടെ ഇന്ത്യ കളിയിൽ തിരിച്ചെത്തിയെന്ന തോന്നിച്ചെങ്കിലും ജോ റൂട്ടും നായകൻ ബെൻസ്റ്റോക്സും ചേർന്ന് ആ പ്രതീക്ഷയും ഇല്ലാതാക്കി. 51 പന്തിൽ 33 റൺസെടുത്ത സ്റ്റോക്സ് ജദേജയുടെ പന്തിൽ പുറത്താകുമ്പോൾ സ്കോർ 302 കടന്നിരുന്നു. തുടർന്നെത്തിയ ജാമീ സ്മിത്തിനെ കൂട്ടുനിർത്തി സ്റ്റോക്സ് (53*) അർധ സെഞ്ച്വറി പൂർത്തിയാക്കി. തകർത്തടിച്ച് ജാമി സ്മിത്തും (44*) കളി അനായാസം വരുതിയിലാക്കി. ഇന്ത്യക്കായി ഷാർദുൽ താക്കൂറും പ്രസിദ്ധ് കൃഷ്ണയും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.