സെഞ്ച്വറി തികച്ച ശുഭ്മാൻ ഗില്ലിനെ സഞ്ജു സാംസൺ ആശ്ലേഷിക്കുന്നു

ഹരാരെ: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ആവേശത്തോടെ പോരാടിയ സിംബാബ്‍വെക്ക് വിജയത്തിനരികെ കാലിടറിയപ്പോൾ ഏകദിന പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. 13 റൺസിനായിരുന്നു സന്ദർശക ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. 97 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമടക്കം 130 റൺസുമായി കന്നി സെഞ്ച്വറി ആഘോഷിച്ച ശുഭ്മാൻ ഗില്ലിന്റെ പ്രകടനമാണ് തുണയായത്. മറുപടി ബാറ്റിങ്ങിൽ സന്ദർശകരും അതേ നാണയത്തിൽ തിരിച്ചടിച്ചു.

95 പന്തിൽ ഒമ്പത് ബൗണ്ടറി‍യും മൂന്ന് സിക്സുമടക്കം 115 റൺസ് നേടിയ സിക്കന്തർ റാസ വിജയപ്രതീക്ഷ നൽകിയെങ്കിലും ടീം 276ൽ പൊരുതിവീണു. അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാൻ 15 റൺസ് വേണമായിരുന്നു. മൂന്നാം പന്തിൽതന്നെ ആവേഷ് ഖാൻ കഥ കഴിച്ചു. ആതിഥേയർക്ക് വേണ്ടി ബ്രാഡ് ഇവാൻസ് 10 ഓവറിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ഇന്ത്യക്കുവേണ്ടി ആവേഷ് മൂന്നുപേരെ പുറത്താക്കി. ഇഷാൻ കിഷൻ അർധശതകവുമായി ഗില്ലിന് പിന്തുണ നൽകി.

ടോസ് നേടിയ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ബാറ്റിങ് തെരഞ്ഞെടുത്തു. രാഹുലും സഹഓപണർ ശിഖർ ധവാനും വലിയ ആവേശം കാണിക്കാതെ ശ്രദ്ധയോടെ തുടങ്ങി. 15 ഓവർ വരെ ഇവർ ബാറ്റ് ചെയ്തു. ഇവാൻസിന്റെ പന്തിൽ ബൗൾഡായി ക്യാപ്റ്റൻ മടങ്ങുമ്പോൾ സ്വന്തം സമ്പാദ്യം 30ഉം സ്കോർ ബോർഡിൽ 63ഉം. 21ാം ഓവറിൽ ധവാനെ (40) സീൻ വില്യംസിന്റെ കൈകളിലെത്തിച്ചു ഇവാൻസ്. ഇന്ത്യ രണ്ടിന് 84. ഇവിടെ സംഗമിച്ച ഗിൽ-കിഷൻ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഗിൽ അർധശതകവും കടന്ന് സെഞ്ച്വറിയിലേക്ക് കുതിക്കവെ കിഷനെ മുനിയോംഗ റണ്ണൗട്ടാക്കി. 61 പന്തിൽനിന്നാണ് കിഷൻ 50 എടുത്തത്. ഇന്ത്യ 42.1 ഓവറിൽ മൂന്നിന് 224.

ഇതേ ഓവറിലെ അവസാന പന്തിൽ ദീപക് ഹൂഡയെ (ഒന്ന്) ഇവാൻസ് ബൗൾഡാക്കി. നേരിട്ട 82ാം പന്തിലാണ് ഗിൽ സെഞ്ച്വറി തികച്ചത്. പതുക്കെ തുടങ്ങിയ സഞ്ജു സാംസൺ സ്വരൂപം പുറത്തെടുക്കവെ (13 പന്തിൽ രണ്ട് സിക്സടക്കം 15) ലൂക് ജോങ് വേയുടെ പന്തിൽ കൈറ്റാനോ പിടിച്ചു മടങ്ങി. സ്കോർ: 46 ഓവറിൽ അഞ്ചിന് 256. പിന്നാലെ അക്സർ പട്ടേലും (ഒന്ന്) പുറത്ത്. മറുഭാഗത്ത് ഒറ്റയാനായി പോരാടിയ ഗില്ലിനെ അവസാന ഓവറിൽ ഇവാൻസ് പുറത്താക്കി. ഇന്നസെന്റ് കൈയക്കായിരുന്നു ക്യാച്ച്. മൂന്നാംപന്തിൽ ശാർദുൽ ഠാക്കൂറിനെയും (ഒമ്പത്) പുറത്താക്കി ഇവാൻസ് അഞ്ച് വിക്കറ്റ് തികച്ചു.

Tags:    
News Summary - India swept the series with a 13-run win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.