ഒരു മത്സരം ബാക്കി നിൽക്കെയാണ് ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പര ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. റായ്പുരിൽ നാലാം ട്വന്‍റി20യിൽ ഓസീസിനെ 20 റൺസിന് തകർത്താണ് സൂര്യകുമാറും സംഘവും അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-1ന് മുന്നിലെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റിങ്കു സിങ്, യശസ്വി ജയ്സാൾ എന്നിവരുടെ ബാറ്റിങ് കരുത്തിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസീസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മൂന്നു വിക്കറ്റ് നേടിയ അക്സർ പട്ടേലിന്‍റെയും രണ്ടു വിക്കറ്റ് നേടിയ ദീപക് ചഹറിന്‍റെയും പ്രകടനമാണ് എതിരാളികളെ വരിഞ്ഞുമുറുക്കിയത്. അക്സറാണ് മത്സരത്തിലെ താരവും.
പരമ്പര നേട്ടത്തിനു പിന്നാലെ ശനിയാഴ്്ച അക്സർ പട്ടേൽ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത രണ്ടുവരി കുറിപ്പ് വൈറലായിരിക്കുകയാണ്. ‘നിശ്ശബ്ദമായി മുന്നേറുക. ചെക്ക്മേറ്റ് പറയേണ്ട സമയമാകുമ്പോൾ മാത്രം സംസാരിക്കുക’ -എന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഇതിനുതാഴെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചും പിന്തുണ അറിയിച്ചും പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ, ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നെങ്കിലും ടൂർണമെന്‍റ് ആരംഭിക്കുന്നതിനു മുമ്പേ പരിക്കിനെ തുടർന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ഇതിന്‍റെ നിരാശ താരം തുറന്നുപറയുകയും ചെയ്തു. പകരം ആർ. അശ്വിൻ ടീമിൽ എത്തി. ‘വ്യക്തമായും, നിങ്ങൾക്ക് നിരാശയുണ്ടാകും. ലോകകപ്പ് ഇന്ത്യയിലായിരുന്നു, പക്ഷേ പരിക്ക് സംഭവിച്ചു പോയി. ആദ്യത്തെ കുറച്ച് ദിവസങ്ങൾ ഇതുമാത്രമായിരുന്നു മനസ്സിൽ’ -എന്നാണ് താരം അന്ന് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.