ഇന്ത്യൻ താരങ്ങളായ യുസ്വേന്ദ്ര ചഹലും ഹാർദിക് പാണ്ഡ്യയും
ഗുവാഹതിയിേലക്കുള്ള വിമാന യാത്രയിൽ
ഗുവാഹതി: സീനിയർ താരങ്ങളുടെ അഭാവത്തിൽ അവസരം ലഭിച്ചവരെല്ലാം മിന്നിയതോടെ ചൊവ്വാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിൽ ആരെ പുറത്തിരുത്തുമെന്ന കാര്യത്തിൽ ധർമസങ്കടത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെൻറ്.
ബംഗ്ലാദേശിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളിലും ലങ്കയോട് കഴിഞ്ഞ ദിവസം സമാപിച്ച ട്വന്റി20 പരമ്പരയിലും മികവ് പുറത്തെടുത്തവർ അവസരം കാത്തുനിൽക്കവെയാണ് രോഹിത് ശർമയും വിരാട് കോഹ് ലിയും കെ.എൽ. രാഹുലുമെല്ലാം ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. രണ്ടാം മത്സരം വ്യാഴാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിലും അവസാന കളി ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നടക്കും.
പരിക്ക് കാരണം മാസങ്ങളായി ടീമിൽ നിന്ന് മാറി വിശ്രമിക്കുന്ന പേസർ ജസ്പ്രീത് ബുംറയെ ഏകദിന സംഘത്തിൽ തിരിച്ചെടുത്തിരുന്നെങ്കിലും വീണ്ടും പുറത്തായി. പരിക്ക് ഇനിയും ഭേദമാവാത്തതാണ് ബുംറക്ക് തിരിച്ചടിയായത്. സ്പെഷലിസ്റ്റുകളോട് പലതവണ സംസാരിച്ചെങ്കിലും സന്തോഷമുളവാക്കുന്ന മറുപടിയല്ല ലഭിച്ചതെന്ന് ക്യാപ്റ്റൻ രോഹിത് വ്യക്തമാക്കി.
അവന് 28 വയസ്സാവുന്നേയുള്ളൂ. റിസ്കെടുക്കാൻ വയ്യെന്നും രോഹിത് കൂട്ടിച്ചേർത്തു. ഏഷ്യ കപ്പ്, ട്വന്റി20 ലോകകപ്പ് ഉൾപ്പെടെ താരത്തിന് നഷ്ടമായിരുന്നു. ന്യൂസിലൻഡ്, ആസ്ട്രേലിയ ടീമുകൾക്കെതിരായ പരമ്പരകളിലും ബുംറക്ക് കളിക്കാനാവില്ലെന്നാണ് റിപ്പോർട്ടുകൾ. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിങ് ഡിപ്പാർട്മെന്റിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക് തുടങ്ങിയ സ്പെഷലിസ്റ്റ് പേസർമാർ ഉള്ളതിനാൽ ഇന്ത്യക്ക് തൽക്കാലം ആശങ്കയില്ല.
ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മാസം റെക്കോഡ് പ്രകടനവുമായി ഇരട്ട ശതകം നേടിയ താരമാണ് ഇശാൻ കിഷൻ. എന്നാൽ, അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്ന് രോഹിത് വ്യക്തമാക്കിക്കഴിഞ്ഞു. ശുഭ്മൻ ഗില്ലാവും രോഹിതിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യുക.
ഇശാനും ഗില്ലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരാണെന്നും രണ്ടാഴ്ചക്കിടെ ലങ്കക്കും ന്യൂസിലൻഡിനുമെതിരെ ആറ് മത്സരങ്ങൾ കളിക്കാനുള്ള സാഹചര്യത്തിൽ ഒരാളെ മാറ്റിനിർത്തുകയല്ലാതെ നിർവാഹമില്ലെന്നും നായകൻ തുറന്നുപറഞ്ഞു. എല്ലാവർക്കും അവസരം നൽകുകയെന്ന നിലപാടിന്റെ ഭാഗമായാണിത്. മധ്യനിരയിലെ ധർമസങ്കടവും ക്യാപ്റ്റൻ സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം ട്വന്റി20 സെഞ്ച്വറിയുമായി കസറിയ സൂര്യകുമാർ യാദവിന് പകരം ഇന്ന് ശ്രേയസ് അയ്യരെ ഇറക്കാനുള്ള സാധ്യത രോഹിത്തിന്റെ വാക്കുകളിലുണ്ട്. ഇക്കൊല്ലം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽക്കകണ്ട് മികച്ച ടീമിനെ ഒരുക്കിയെടുക്കാനുള്ള പുറപ്പാടിലാണ്. ശ്രീലങ്കയെ സംബന്ധിച്ച് ട്വന്റി20 പരമ്പരയിലെ തോൽവിക്ക് ഏകദിന മത്സരങ്ങൾ ജയിച്ച് മറുപടി നൽകേണ്ടതുണ്ട്.
സാധ്യത ടീം: ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, 3 വിരാട് കോഹ്ലി, കെ.എൽ. രാഹുൽ. ശ്രേയസ് അയ്യർ/സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ/കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്/ ഉമ്രാൻ മാലിക്.
ശ്രീലങ്ക- ദസുൻ ഷനക ക്യാപ്റ്റൻ), കുശാൽ മെൻഡിസ്, പാതും നിസ്സാങ്ക, അവിഷ്ക ഫെർണാണ്ടോ,ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, വാനിന്ദു ഹസരംഗ ഡി സിൽവ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക/ലാഹിരു കുമാര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.