സെഞ്ച്വറിയുമായി ഗില്ലിന്റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടം

കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ 266 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടം. കൂട്ടത്തകർച്ചയിലും തകർപ്പൻ സെഞ്ച്വറിയുമായി ഒരറ്റത്ത് പിടിച്ചുനിൽക്കുന്ന ശുഭ്മൻ ഗില്ലിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. 122 പന്ത് നേരിട്ട താരം നാല് സിക്സും എട്ട് ഫോറും സഹിതം ഇതിനകം 110 റൺസാണ് നേടിയത്. 40 ഓവർ പിന്നിടുമ്പോൾ ആറിന് 188 എന്ന നിലയിലാണ് ഇന്ത്യ. അഞ്ച് റൺസുമായി അക്സർ പട്ടേലാണ് ഗില്ലിനൊപ്പം ക്രീസിൽ. ജയിക്കാൻ ഇനി 60 പന്തിൽ 78 റൺസ് കൂടി വേണം.

നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസൊന്നു​മെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമയും ഒമ്പത് പന്തിൽ അഞ്ച് റൺസുമായി അരങ്ങേറ്റക്കാരൻ തിലക് വർമയും മടങ്ങിയതോടെ തന്നെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നിരുന്നു. ഗില്ലിനൊപ്പം കെ.എൽ രാഹുൽ പിടിച്ചുനിൽക്കാൻ ശ്രമി​ച്ചത് പ്രതീക്ഷ നൽകി. എന്നാൽ, 39 പന്ത് നേരിട്ട രാഹുൽ 19 റൺസുമായി മടങ്ങി. തുടർന്നെത്തിയ ഇഷാൻ കിഷനും അധികം ആയുസ്സുണ്ടായില്ല. അഞ്ചു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 26 റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷാകിബ് അൽ ഹസനും ഏഴ് റൺസെടുത്ത രവീന്ദ്ര ജദേജയെ മുസ്തഫിസുർ റഹ്മാൻ ബൗൾഡാക്കിയതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലായി. ഒരറ്റത്ത് വിക്കറ്റ് വീഴു​മ്പോഴും മറുവശത്ത് ഗിൽ ഉണ്ട് എന്നത് മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തെ 85 പന്തിൽ 80 റൺസടിച്ച ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്റെയും 81 പന്തിൽ 54 റൺസ് നേടിയ തൗഹിദ് ഹസന്റെയും അർധസെഞ്ച്വറികളും നസൂം അഹ്മദിന്റെ പ്രകടനവുമാണ് (45 പന്തിൽ 44) ബംഗ്ലാദേശിനെ എട്ടിന് 265 റൺസ് എന്ന നിലയിൽ എത്തിച്ചത്. അവസാന ഓവറുകളിൽ മെഹ്ദി ഹസനും (23 പന്തിൽ പുറത്താവാതെ 29), തൻസീം ഹസൻ ശാകിബും (എട്ട് പന്തിൽ പുറത്താവാതെ 14) നടത്തിയ വെടിക്കെട്ടും നിർണായകമായി. തുടക്കത്തിലേ നാല് മുൻനിര ബാറ്റർമാർ പവലിയനിലേക്ക് മടങ്ങിയപ്പോൾ അഞ്ചാം വിക്കറ്റിൽ ഷാകിബും തൗഹീദും ചേർന്ന് 115 പന്തിൽ നേടിയ 101 റൺസാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. ഷാകിബിനെ ഷാർദുൽ ഠാക്കൂർ ക്ലീൻ ബൗൾഡാക്കിയപ്പോൾ തൗഹീദിനെ മുഹമ്മദ് ഷമിയുടെ പന്തിൽ തിലക് വർമ പിടികൂടുകയായിരുന്നു.

സ്കോർ ബോർഡിൽ 13 റൺ​സ് ചേർത്തപ്പോഴേക്കും ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ട് പന്ത് നേരിട്ട് റൺസൊന്നുമെടുക്കാനാവാതിരുന്ന ലിട്ടൻ ദാസിനെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 13 റൺസെടുത്ത സഹ ഓപണർ തൻസിദ് ഹസന്റെ സ്റ്റമ്പ് ഷാർദുൽ ഠാക്കൂറും തെറിപ്പിച്ചു. വൈകാതെ നാല് റൺസെടുത്ത അനാമുൽ ഹഖിനെ ഷാർദുൽ രാഹുലിന്റെ കൈയിലും 13 റൺസെടുത്ത മെഹ്ദി ഹസനെ അക്സർ പട്ടേൽ രോഹിതിന്റെ കൈയിലുമെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 59 എന്ന നില​യിലേക്ക് കൂപ്പുകുത്തി. തുടർന്നായിരുന്നു ഷാകിബ്-തൗഹീദ് സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. ഇന്ത്യക്കായി ഷാർദുൽ ഠാക്കൂർ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പ​ട്ടേലും രവീന്ദ്ര ജദേജയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി.

Tags:    
News Summary - India lose four wickets; Gill's half-century saved the day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.