കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ ഡ്രൈവിങ് ടീസ്റ്റിൽ. മൂന്നാംദിനവും മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ലങ്കക്കുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ സന്ദർശകർക്കായി. സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസിലാണ് ആതിഥേയർ. രണ്ട് വിക്കറ്റ് മാത്രം ബാക്കിനിൽക്കെ 238 റൺസ് പിറകിലാണിവർ. 85 റൺസുമായി സോനാൽ ദിനുഷ ക്രീസിലുള്ളത് മാത്രമാണ് പ്രതീക്ഷ. പസിന്ദു സൂര്യബണ്ടാരയുടെ (80) അർധ ശതകമാണ് മറ്റൊരു കാര്യമായ സംഭാവന. ഇന്ത്യക്കായി പേസർ പ്രസിദ്ധ് കൃഷ്ണയും സ്പിന്നർ മാനവ് സുത്താറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ സന്ദർശകർ ഒമ്പത് വിക്കറ്റിന് 503 റൺസിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
രണ്ട് വിക്കറ്റിന് എട്ട് റൺസിലാണ് ചൊവ്വാഴ്ച ലങ്ക ബാറ്റിങ് പുനരാരംഭിച്ചത്. ഏതാനും ഓവറുകൾക്കു ശേഷം ഓപണർ കാമിൽ മിഷാരയെ (19) മടക്കി പ്രസിദ്ധ് ഇന്ത്യക്ക് മറ്റൊരു വിക്കറ്റ് സമ്മാനിച്ചു. സ്കോർ ബോർഡിൽ അപ്പോൾ 35. സൂര്യബണ്ടാരക്ക് കൂട്ടായി കമിന്ദു മെൻഡിസെത്തി. നാലാം വിക്കറ്റിൽ ഈ സഖ്യം സ്കോർ ബോർഡ് ചലിപ്പിച്ചതോടെ ആതിഥേയർ കരകയറിത്തുടങ്ങി. 30ാം ഓവറുമായെത്തിയ പ്രസിദ്ധ് നിർണായകമായൊരു വിക്കറ്റ് കൂടി സ്വന്തമാക്കി. 32 റൺസെടുത്ത മെൻഡിസിനെ രവീന്ദ്ര ജദേജ കൈപ്പിടിയിലൊകുക്കി. നാലിന് 122. എട്ട് റൺസ് കൂടി ചേർത്ത് നിൽക്കെ ലഞ്ചിന് പിരിഞ്ഞു. പിന്നാലെ മഴയും. അർധ ശതകം പിന്നിട്ട ബണ്ടാരക്കൊപ്പം ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയായിരുന്നു അപ്പോൾ ക്രീസിൽ.
ഉച്ച ഭക്ഷണത്തിന് ശേഷം കുറച്ച് വൈകി കളി പുനരാരംഭിച്ച് ഏറെ നേരം കഴിയും മുമ്പെ ധനഞ്ജയക്ക് മടക്ക ടിക്കറ്റ്. എട്ട് റൺസെടുത്ത ബാറ്ററെ സുത്താറിന്റെ ഓവറിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു. ബണ്ടാര-ദിനുഷ കൂട്ടുകെട്ടിലായിരുന്നു അടുത്ത പ്രതീക്ഷ. സെഞ്ച്വറിയിലേക്ക് നീങ്ങിയ ബണ്ടാര പക്ഷേ ജദേജയുടെ ഓവറിൽ ബൗൾഡ്. ആറിന് 171. നിരോഷൻ ഡിക്ക്വെല്ല (0) വന്ന പാടേ മുഹമ്മദ് സിറാജിന് ഇരയായി. ധ്രുവ് ജുറെൽ പിടിച്ചു. എട്ടാം വിക്കറ്റിൽ ദിനുഷ-കേഷാര നുവാന്ദ സഖ്യം സ്കോർ 200 കടത്തി. ഇതിനിടെ പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധ ശതകം തികച്ചു ദിനുഷ. ചായ സമയത്ത് സ്കോർ ഏഴിന് 216. വൈകാതെ നുവാന്തയുടെ ചെറുത്തുനിൽപ് സാരാൻഷ് ജെയിനിന്റെ കൈകളിൽ അവസാനിച്ചു. 74 പന്തിൽ 18 റൺസ് മാത്രമെടുത്ത ബാറ്ററുടെ വിക്കറ്റ് സുത്താറിനായിരുന്നു. ഒമ്പതാം വിക്കറ്റിൽ ലാഹിറു കുമാരയാണ് (8) ദിനുഷയുടെ കൂട്ടാളി. ജദേജ 84ാം ഓവറിൽ നാല് പന്ത് എറിഞ്ഞപ്പോഴേക്കും മഴ മൂലം കളി നിർത്തി. ഇതോടെ മൂന്നാം ദിവസത്തെ സ്റ്റമ്പെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.