സഞ്ജു സാംസണിന്റെ ബാറ്റിങ്
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യയുടെ കുതിപ്പ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സഞ്ജുവിന്റെ അർധസെഞ്ച്വറി മികവിൽ (45 പന്തിൽ 56 റൺസ്) എട്ടു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു.
ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ് ഓർഡറിൽ പ്രമോഷൻ നേടി മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് വീഴ്ചക്കിടെയാണ് അർധസെഞ്ച്വറി തികച്ചത്. ഒരു വശത്ത്‍ വിക്കറ്റുകൾ വീണു തുടങ്ങിയപ്പോൾ, ഒമാന്റെ സ്പിൻ പേസ് പരീക്ഷണങ്ങളെ സമർത്ഥമായി നേരിട്ട് താരം സ്കോർ ബോർഡുയർത്തി. മൂന്ന് സിക്സറും മൂന്ന് ബൗണ്ടറിയുമായി 41 പന്തിലായിരുന്നു സഞ്ജു അർധ സെഞ്ച്വറി തികച്ചത്. 56 റൺസുമായി താരം 18ാം ഓവറിൽ പുറതതായി.
അഭിഷേക് ശർമ (38), ശുഭ്മാൻ ഗിൽ (5), ഹാർദിക് പാണ്ഡ്യ (1), അക്സർ പട്ടേൽ (26), ശിവം ദുബെ (5), തിലക് വർമ (29), അർഷ് ദീപ് സിങ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഓപണർമാരായ അഭിഷേകിനും ശുഭ്മാനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നേടിയാണ് സഞ്ജു ക്രീസിലെത്തിയത്. രണ്ടാം ഓവറിൽ ഗിൽ പുറത്തായപ്പോൾ, ക്രീസിലെത്തിയ മലയാളി താരം നന്നായി തന്നെ തുടങ്ങി. മോശം പന്തുകളെ ശിക്ഷിച്ചും, അപകടകരമായ പന്തുകളെ പ്രതിരോധിച്ചുമായിരുന്നു ഇന്നിങ്സ് പടുത്തുയർത്തിയത്.
അഞ്ചിന് 130 എന്ന നിലയിൽ വെല്ലുവിളി നേരിട്ട ഇന്ത്യയെ ആറാം വിക്കറ്റിൽ ക്രീസിലെത്തിയ തിലക് വർമക്കൊപ്പം ചേർന്ന് സഞ്ജു സുരക്ഷിതമായ സ്കോറിലെത്തിക്കുകയായിരുന്നു. ഹർഷിദ് റാണയും (13 നോട്ടൗട്ട്), കുൽദീപ് യാദവും (1) പുറത്താകാതെ നിന്നു.
രണ്ടാം ഓവറിൽ തന്നെ വൈസ് ക്യാപ്റ്റൻ ഗിൽ അഞ്ച് റൺസുമായി ക്ലീൻ ബൗൾഡായി മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം വിക്കറ്റിൽ അഭിഷേകും, സഞ്ജുവും ചേർന്നാണ് അപ്രതീക്ഷിത തിരിച്ചടിയിൽ നിന്നും ടീമിനെ കരകയറ്റിത്. അഭിഷേകിനു പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ നോൺ സ്ട്രൈക് എൻഡിൽ ബൗളറുടെ വിരിൽ തട്ടി സ്റ്റമ്പ് തെറുപ്പിച്ചതോടെ റൺ ഔട്ടായി മടങ്ങി.
ഒമാന്റെ ജിതൻ രാമനന്ദി, ആമിർ ഖലീം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സൂപ്പർ ഫോറിൽ ഇടം നേടിയിരുന്നു. രണ്ട് കളിയും തോറ്റ ഒമാൻ നേരത്തെ പുറത്താവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.