‘ബാപ്പ മരിച്ചതറിഞ്ഞ് ആസ്ട്രേലിയയിലെ മുറിയിലിരുന്ന് ഒരുപാടൊരുപാട് കരഞ്ഞു’- പേസർ മുഹമ്മദ് സിറാജ് മനസ്സ് തുറക്കുന്നു..

ഓരോ തവണ മികച്ച കളി കെട്ടഴിക്കുമ്പോഴും അത് പിതാവിന്റെ മുന്നിലാകണമെന്ന് മനസ്സുവെച്ച താരത്തിനു പക്ഷേ, താൻ ഏറ്റവും കൂടുതൽ തിളങ്ങിയ ദിനത്തിൽ പിതാവ് മരിച്ച വേദനയിൽ തീതിന്നേണ്ടിവന്നാൽ എന്താകും അവസ്ഥ? വളരെ സാധാരണമായ കുടുംബത്തിൽ പിറന്ന് ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് നൽകിയ പ്രോൽസാഹനം ജീവനായെടുത്ത് ഇന്ത്യൻ ബൗളിങ്ങിന്റെ നട്ടെല്ലായി മാറിയ മുഹമ്മദ് സിറാജാണ് ഹൃദയം നുറുങ്ങുന്ന വേദനയെ കുറിച്ച് മനസ്സ് തുറക്കുന്നത്.

2020-21ലെ ഓസീസ് പര്യടനത്തിനിടെയായിരുന്നു മുഹമ്മദ് സിറാജിന്റെ പിതാവ് മരിക്കുന്നത്. ടീം കംഗാരു മണ്ണിൽ വിമാനമിറങ്ങി ഒരാഴ്ച പിന്നിടുംമുമ്പായിരുന്നു അപ്രതീക്ഷിത വിയോഗം. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതിനാൽ നാട്ടിലെത്തൽ അന്ന് സാധ്യമായില്ല.

ടീമിൽ തുടർന്ന താരം മെൽബൺ മൈതാനത്ത് അരങ്ങേറ്റത്തിൽ അഞ്ചു വിക്കറ്റെടുത്താണ് വരവറിയിച്ചത്. നാലാം ടെസ്റ്റിലും സമാനമായി അഞ്ചു വിക്കറ്റ് വേട്ടയുമായി ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യവുമായി. 2-1ന് പരമ്പര ജയിച്ചാണ് ഇന്ത്യൻ ടീം ചരിത്രം കുറിച്ചത്.

എന്നാൽ, ബയോ ബബ്ൾ തുടർന്ന ആ കാലത്ത് പിതാവിന്റെ മരണവാർത്തയറിഞ്ഞ് മുറിയി​ലിരുന്ന് ഏറെ നേരം കരയുകായിരുന്നുവെന്ന് സിറാജ് പറഞ്ഞു. ‘‘ആസ്ട്രേലിയയിൽ കളിക്കാരുടെ മുറിയിൽ ആർക്കും സന്ദർശനം സാധ്യമായിരുന്നില്ല. വിഡിയോ കോളിലായിരുന്നു പരസ്പരം സംസാരിച്ചത്. എന്നിട്ടും, ശ്രീധർ സാർ (മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ) ഇടക്കിടക്ക് വിളിച്ച് ‘സുഖമല്ലേ, ഭക്ഷണം കഴിച്ചോ?’ എന്നിങ്ങനെ ചോദിച്ചുകൊണ്ടിരിക്കും. അതൊരു നല്ല അനുഭവമായിരുന്നു. അന്ന് പ്രതിശ്രുത വധുവും വിളിക്കും. ഫോണിൽ ഞാൻ ആർക്കുമുന്നിലും കരഞ്ഞില്ല. മുറിയിൽ ഒറ്റക്കിരുന്ന് കരയും. അതുകഴിഞ്ഞ് അവളോട് സംസാരിക്കും’’- സിറാജ് പറഞ്ഞു.

പിതാവ് മരിച്ച പിറ്റേ ദിവസം പരിശീലനത്തിനിറങ്ങിയപ്പോൾ കോച്ച് രവി ശാസ്ത്രി വന്ന് പിതാവിന്റെ അനുഗ്രഹമുണ്ടെന്നും അഞ്ചു വിക്കറ്റ് നേട്ടമുണ്ടാകുമെന്നും പറഞ്ഞു. ബ്രിസ്ബേനിൽ അഞ്ചു വിക്കറ്റ് നേട്ടത്തിനു പിറകെ താൻ ഉറപ്പുതന്നതല്ലേ എന്ന് ശാസ്ത്രി ചോദിച്ചു.

‘‘പിതാവ് അടുത്തുണ്ടാകുമ്പോൾ വല്ലാത്ത ആവേശമാകും. മകന്റെ ജയം കാണാനായിരുന്നു അദ്ദേഹം എത്തിയിരുന്നത്. എന്റെ കഠിനാധ്വാനം അദ്ദേഹത്തെ സന്തോഷിപ്പിച്ചു. അതിനാൽ പിതാവിന്റെ മുന്നിൽ നന്നായി പന്തെറിയാൻ ഞാൻ ആഗ്രഹിച്ചു. സ്വപ്നം സഫലമായെങ്കിലും അത് തുടരാനാകണം’’- സിറാജിന്റെ വാക്കുകൾ.

ഓസീസ് മണ്ണിൽ മൂന്നാം ടെസ്റ്റിനിടെ സിറാജിനു നേരെ വംശീയാക്ഷേപം ഉയർന്നത് വാർത്തയായിരുന്നു. ആദ്യ ദിവസമുണ്ടായപ്പോൾ മദ്യ ലഹരിയിലാകുമെന്ന് ധരിച്ച് വിട്ടുകളഞ്ഞെന്നും പിറ്റേന്നും ആവർത്തിച്ചപ്പോഴാണ് പരാതിയുമായി രഹാനെയെ കൂട്ടി അംപയർമാരുടെ അടുത്ത് ചെന്നതെന്നും സിറാജ് പറഞ്ഞു.

ആസ്ട്രേലിയയിൽ തുടക്കം കുറിച്ച താരം 2021ൽ ലോർഡ്സ് മൈതാനത്ത് ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റുമായി നിറഞ്ഞാടിയിരുന്നു. 

Tags:    
News Summary - I cried often in my room in Australia after my father's demise: Siraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT