‘പാതി ഒഴിഞ്ഞ ഗാലറികൾ, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ’; ആശങ്ക പങ്കുവച്ച് യുവരാജ് സിങ്

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ടീമംഗങ്ങളെ അഭിനന്ദിക്കുന്ന ട്വീറ്റിലാണ് യുവരാജ് സിങ് ഒഴിഞ്ഞ ഗാലറികളെക്കുറിച്ച് പരാമർശിച്ചത്.

‘നന്നായി കളിച്ചു ശുഭ്മാൻ ഗിൽ. വിരാടും സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ എന്നെ സംബന്ധിച്ച് ആശങ്ക പടർത്തുന്ന കാര്യം ഒഴിഞ്ഞുകിടക്കുന്ന സ്റ്റേഡിയമാണ്. ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?’-യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിൽ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം പുരാഗമിക്കുമ്പോൾ ഒഴിഞ്ഞ ഗാലറികളെക്കുറിച്ചുള്ള ചർച്ച രാജ്യമെങ്ങും പടരുകയാണ്. കളിയുടെ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ വിവാദവും സഞ്ചു വി സാംസന്റെ ടീമിലെ അസാന്നിധ്യവുമാണ് സ്റ്റേഡിയത്തിലേക്ക് ആളുകൾ എത്താതിരിക്കാൻ കാരണമെന്നാണ് സൂചന.


നേരത്തേ, മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതിനെ ന്യായീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ രംഗത്ത് എത്തിയിരുന്നു. നികുതി കുറക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. നികുതി കുറച്ചു കൊടുത്താലും അതി​ന്റെ ഇളവ് സാധാരണക്കാരന് കിട്ടുന്നില്ലെന്നും സംഘാടകർ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും മന്ത്രി പറഞ്ഞിരുന്നു.

മത്സരത്തിന്റെ ടിക്കറ്റിന് ജി.എസ്.ടിക്ക് പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയർത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ അഞ്ച് ശതമാനം ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കി വർധിപ്പിച്ചത്.

ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ മാത്രം അധികം നൽകേണ്ടി വന്നു. ഇതിന് പുറമെ 18 ശതമാനം ജി.എസ്.ടിയും അടക്കം ആകെ നികുതി 30 ശതമാനം ആയി. നികുതി എത്ര ഉയർത്തിയാലും അതിന്റെ ബാധ്യത ടിക്കറ്റ് എടുക്കുന്നവരുടെ തലയിലായതിനാൽ ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഗ്രീൻഫീൽഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളുമായാണ് ഇപ്പോൾ മത്സരം നടക്കുന്നത്. ഒഴിഞ്ഞ ഗാലറികളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - 'Half Empty Galleries, Is ODI Cricket Dying'; Yuvraj Singh shared his concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.