‘നിങ്ങൾ അന്താരാഷ്ട്ര മത്സരം കളിക്കാൻ പാടില്ല’; അർഷ്ദീപ് സിങ്ങിനെ വിമർശിച്ച് മുൻതാരം

ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി20യിൽ 16 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ തുടരെ മൂന്നു നോബാളുകളടക്കം അഞ്ചെണ്ണം എറിഞ്ഞ അർഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്. ഒരു ബ്രേക്കിനു ശേഷമാണ് താരം ടീമിൽ തിരിച്ചെത്തുന്നത്.

എന്നാൽ, അക്സർ പട്ടേലിനു പകരം കളത്തിലിറങ്ങിയ താരം ബൗളിങ്ങില്‍ ലൈനോ, ലെങ്‌ത്തോ കണ്ടെത്താനാവാതെ പാടുപെടുന്നതാണ് കണ്ടത്. മത്സരത്തിൽ രണ്ടു ഓവർ മാത്രം എറിഞ്ഞ താരത്തിന്‍റെ അക്കൗണ്ടിൽ അഞ്ചു നോബാളുകളാണുള്ളത്. ഒരോവറില്‍ തുടര്‍ച്ചയായി മൂന്നു നോബാളുകളെറിഞ്ഞ ആദ്യത്തെ ഇന്ത്യന്‍ താരമാകുകയും ചെയ്തു. താരത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ രംഗത്തെത്തി.

പരിക്കിൽനിന്ന് മുക്തനായി വരുന്ന അർഷ്ദീപ് നേരിട്ട് അന്താരാഷ്ട്ര മത്സരം കളിക്കരുതായിരുന്നെന്ന് ഗംഭീർ പ്രതികരിച്ചു. ‘ഏഴ് പന്തുകൾ സങ്കൽപ്പിക്കുക, ഇത് 21 ഓവറിൽ കൂടുതൽ പന്തെറിയുന്നത് പോലെയാണ്. എല്ലാവരും മോശം പന്തുകൾ എറിയുകയോ അല്ലെങ്കിൽ മോശം ഷോട്ടുകൾ കളിക്കുകയോ ചെയ്യുന്നു, പക്ഷേ ഇത് താളം കണ്ടെത്തുന്നതിനെ കുറിച്ചാണ്. പരിക്കിന് ശേഷമാണ് വരുന്നതെങ്കിൽ, നിങ്ങൾ ഒരു അന്താരാഷ്ട്ര മത്സരം കളിക്കരുത്’ -ഗംഭീർ പറഞ്ഞു.

നിങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കുകയും താളം വീണ്ടെടുക്കുകയും വേണം, കാരണം നോബാളുകൾ ഒരിക്കലും അംഗീകരിക്കാനാകില്ല. ആർക്ക് പരിക്കേറ്റാലും, നീണ്ട ഇടവേള വന്നാലും, അയാൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെ പോകണം, 15-20 ഓവർ പന്തെറിയണം, എന്നിട്ടുവേണം ഒരു അന്താരാഷ്ട്ര മത്സരം കളിക്കാൻ. അർഷ്ദീപ് സിങ് ബൗളിങ്ങിൽ താളം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നെന്നും ഗംഭീർ വ്യക്തമാക്കി.

Tags:    
News Summary - Gautam Gambhir Slams Arshdeep Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.