മുംബൈ: വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ലോകകപ്പ് കളിക്കുമെന്നതിൽ ഉറപ്പ് പറയാനാകില്ലെന്ന് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ രോഹിതും കോഹ്ലിയും ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉറപ്പ് പറയാനാകില്ലെന്ന മറുപടിയാണ് ഗംഭീർ നൽകിയത്.
എട്ടുമാസത്തെ ഇടവേളക്കുശേഷം ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ വീണ്ടും ഇന്ത്യൻ ജഴ്സിയണിയുകയാണ് കോഹ്ലിയും രോഹിത്തും. ഈമാസം 19ന് പെർത്തിലാണ് ആദ്യ മത്സരം. ഇന്ത്യ ചാമ്പ്യന്മാരായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലാണ് ഇരുവരും അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ഡൽഹിയിലെ അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ്യ സെലക്ടർ അജിത് അഗാർക്കറുടെ നിലപാട് ഗംഭീറും ആവർത്തിച്ചത്. ‘2027 ഏകദിന ലോകകപ്പിലേക്ക് ഇനിയും രണ്ടര വർഷം ദൂരമുണ്ട്. വർത്തമാനകാലത്ത് തുടരുക എന്നത് ഏറെ പ്രധാനമാണ്. കോഹ്ലിയും രോഹിതും യോഗ്യരായ താരങ്ങളാണ്. ആസ്ട്രേലിയയിൽ ഇരുവർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയട്ടെ’ -ഗംഭീർ പറഞ്ഞു.
കോഹ്ലിയും രോഹിത്തും ഇന്ത്യയുടെ ലോകകപ്പ് പദ്ധതിയിലുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിൽനിന്ന് അഗാർക്കറും ഒഴിഞ്ഞുമാറിയിരുന്നു. അതേസമയം, ഇവരിൽനിന്ന് വ്യത്യസ്ത നിലപാടാണ് നായകൻ ശുഭ്മൻ ഗിൽ സ്വീകരിച്ചത്. ഐ.സി.സി ടൂർണമെന്‍റുകളിലെ കോഹ്ലിയുടെയും രോഹിത്തിന്‍റെയും അനുഭവപരിചയവും മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവും ടീമിന് ആവശ്യമുണ്ടെന്നാണ് ഗിൽ പറഞ്ഞത്. അതേസമയം, ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി കോഹ്ലി ലണ്ടനിൽ നാട്ടിൽ തിരിച്ചെത്തി. നാലുമാസത്തിനുശേഷമാണ് താരം ഇന്ത്യയിലെത്തുന്നത്. ഉടൻ തന്നെ വൈറ്റ് ബാൾ പരമ്പരക്കായി ആസ്ട്രേലിയയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ചേരും.
ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യ കിരീടം നേടിയതിനു പിന്നാലെയാണ് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും രണ്ടു മക്കളും ലണ്ടനിലേക്ക് പോയത്. ബംഗളൂരുവിലെ ബി.സി.സി.ഐ കേന്ദ്രത്തിൽ പരിശീലനം നടത്തിയിരുന്ന രോഹിത് നിലവിൽ മുംബൈയിലെ ശിവാജി പാർക്കിൽ മുൻ ഇന്ത്യൻ പരിശീലകൻ അഭിഷേക് നായർക്കൊപ്പം പരിശീലനം നടത്തുകയാണ്. ഈമാസം 15ന് രണ്ടു സംഘങ്ങളായാണ് ഇന്ത്യൻ ടീം ആസ്ട്രേലിയയിലേക്ക് പോകുന്നത്. ഒരു സംഘം രാവിലെയും രണ്ടാമത്തെ സംഘം വൈകീട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.