കഴിഞ്ഞ കുറച്ചുനാളായി ക്രിക്കറ്റിലെ മോശം പ്രകടനത്തിന്‍റെ പേരിൽ ഒരുപാട് ക്രൂശിക്കപ്പടുന്ന ടീമാണ് പാകിസ്താൻ. മുൻ പാകിസ്താൻ താരങ്ങളും മറ്റ് രാജ്യങ്ങളിലെ താരങ്ങളുമെല്ലാം പാകിസ്താൻ ക്രിക്കറ്റിനെ കണക്കിന് വിമർശിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ആദ്യ റൗണ്ടിൽ പുറത്തായതും വിമർശനങ്ങളുടെ ആക്കം കൂട്ടി. എന്നാൽ പാകിസ്താൻ ടീമിന്‍റെ മോസം അവസ്ഥയിലും പിന്തുണയുമായി വന്നിരിക്കുകയാണ് മുൻ നായകനായിരുന്ന ആസിഫ് ഇഖ്ഭാൽ.
പാകിസ്താൻ ക്രിക്കറ്റ് ടീമിന് പ്രശ്നങ്ങളൊന്നുമില്ലെന്നും എതിർ ടീമുകളുടെ മികച്ച പ്രകടനം കാരണമാണ് പാക് പട തോൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോശം ക്രിക്കറ്റ് കളിക്കുന്ന ഇംഗ്ലണ്ടിനെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
'പാകിസ്താൻ ക്രിക്കറ്റിൽ ഒരു കുഴപ്പവുമില്ല. മറ്റ് ടീമുകൾ പാകിസതാനേക്കാൾ മികച്ച ക്രിക്കറ്റ് കളിക്കുന്നു. ആദ്യം ബാറ്റ് ചെയ്താലും പിന്തുടര്‍ന്നാലും, എതിരാളികൾ നമ്മളേക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചതിനാലാണ് നമ്മൾ തോറ്റത്. ഇംഗ്ലീഷ് ക്രിക്കറ്റിന്റെ പ്രകടനത്തെ കുറിച്ച് ആരും സംസാരിക്കാത്തത് എന്തുകൊണ്ടാണ്? ആദ്യം ബാറ്റ് ചെയ്ത അവർക്ക് 351 റൺസ് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, രണ്ടാമത് ബാറ്റ് ചെയ്ത അവർക്ക് 326 റൺസ് പിന്തുടരാനും കഴിഞ്ഞില്ല. എനിക്ക് ഇതിൽ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്," ആസിഫ് ഇഖ്ബാൽ പറഞ്ഞു.
ആസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തിൽ തോറ്റ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും അടിപതറി. തോൽവിക്ക് ശേഷം ക്യാപ്റ്റൻ ജോസ് ബട്ലർ തന്‍റെ സ്ഥാനം ഒഴിയുകയും ചെയ്തു. ഇന്ത്യക്കെതിരെ ദുബൈയിൽ പാകിസ്താൻ തോറ്റതിനെ ഒരു വരിയിൽ വിവരിക്കാൻ ആസിഫ് ഇഖ്ബാലിന് സാധിച്ചിട്ടുണ്ട്. ടോസ് ഒഴികെ എല്ലാത്തിലും പാകിസ്താനെ ഇന്ത്യ നിഷ്പ്രഭമാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റ പാകിസ്താൻ ഇന്ത്യക്കെതിരെയും തോറ്റതോടെ ടൂർണമെന്‍റിൽ നിന്നും പുറത്തായി. ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ഒരു വിജയം പോലുമില്ലാതെയാണ് പാകിസ്താൻ സ്വന്തം നാട്ടിൽ വെച്ച് നടന്ന ടൂർണമെന്‍റ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.