അന്ന് ഐ.സി.സി എലൈറ്റ് പാനല്‍ അമ്പയർ, ഇന്ന് തുണിക്കച്ചവടക്കാരൻ

കറാച്ചി: ഒരുകാലത്ത് ഐ.സി.സി എലൈറ്റ് പാനല്‍ അമ്പയറായിരുന്ന പാകിസ്താൻകാരൻ ആസാദ് റൗഫ് പണി പോയതോടെ ഇപ്പോൾ കറാച്ചിയിൽ തുണിക്കട നടത്തുന്ന തിരക്കിലാണ്. 2000 മുതല്‍ 2013വരെയുള്ള കാലഘട്ടത്തില്‍ 98 ഏകദിനങ്ങളിലും 23 ട്വന്റി 20 മത്സരങ്ങളിലും 49 ടെസ്റ്റിലും അമ്പയറായിരുന്ന റൗഫ് അക്കാലത്ത് ലോകത്തെ മികച്ച അമ്പയർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെട്ടിരുന്നത്. 2013ല്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ഒത്തുകളി ആരോപണങ്ങളും പിന്നാലെ ലൈംഗിക പീഡന ആരോപണവും ഉയർന്നതോടെ ഐ.സി.സി വിലക്കേർപ്പെടുത്തിയതാണ് ആസാദിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.

ആസാദ് റൗഫ് തന്റെ കടയിൽ

ഇപ്പോൾ ലാഹോറിലെ ലന്ദ ബസാറില്‍ വസ്ത്രങ്ങളും ഷൂവും വില്‍ക്കുന്ന കട നടത്തുകയാണ് ആസാദ്. 2013ന് ശേഷം ക്രിക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് 66കാരനായ അദ്ദേഹം പാക്‌ ടി.വി ഡോട്ട് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാനൊരു കാര്യം ഒരിക്കല്‍ ഉപേക്ഷിച്ചാല്‍ ഉപേക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ 2013ന് ശേഷം ക്രിക്കറ്റില്‍ എന്ത് നടക്കുന്നുവെന്ന് ശ്രദ്ധിക്കാറില്ലെന്നും റൗഫ് പറഞ്ഞു.

ഒത്തുകളി ആരോപണത്തെയും സംശയാസ്പദ വ്യക്തികളില്‍നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങിയതിന്റെയുമെല്ലാം പശ്ചാത്തലത്തിൽ 2016ലാണ് ഐ.സി.സി റൗഫിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തിന് പിന്നില്‍ ബി.സി.സി.ഐ ആണെന്നും തനിക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. 2012ല്‍ മുംബൈയിലെ ഒരു മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലും റൗഫ് ആരോപണവിധേയനായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം.

പാകിസ്താനില്‍ തുണിയും പാദരക്ഷകളുമെല്ലാം വില കുറച്ച് കിട്ടുന്ന ഇടമാണ് ലാഹോറിലെ ലന്ദ ബസാര്‍. തന്റെ ഉപജീവനത്തിന് മാത്രമല്ല, ഇവിടെയുള്ള ജീവനക്കാര്‍ക്കുവേണ്ടി കൂടിയാണ് കട നടത്തുന്നതെന്ന് റൗഫ് പറയുന്നു. തനിക്ക് ആര്‍ത്തിയില്ലെന്നും പണവും ലോകവും ഒരുപാട് കണ്ടതാണെന്നും അദ്ദേഹം പറയുന്നു. തുടങ്ങിവെച്ച കാര്യങ്ങളെല്ലാം ഉന്നതിയില്‍ എത്തിക്കുന്നത് എന്‍റെ ശീലമാണ്. ക്രിക്കറ്റിലായാലും കച്ചവടത്തിലായാലും താന്‍ അങ്ങനെ തന്നെയാണെന്നും റൗഫ് പറഞ്ഞു.

Tags:    
News Summary - Former ICC elite panel umpire turned into shop owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.