ശുഐബ്​ അക്​തർ

ദ്രാവിഡോ സചിനോ പ്രിയതാരമെന്ന്​ ആരാധകൻ; അക്​തറിന്‍റെ ഉത്തരമിതാണ്​

ഇളമുറക്കാരനായപ്പോൾ പന്തുകൊണ്ടെന്ന പോലെ മുതിർന്നപ്പോൾ വാക്കു കൊണ്ടും ​ പ്രകോപിപ്പിക്കാനും അതിലേറെ സ്​നേഹിക്കാ​നും നന്നായറിയാവുന്ന പാക്​ ഫാസ്​റ്റ്​ ബൗളർ ശുഐബ്​ അക്​തറെ കുഴക്കി ആരാധകൻ. ഇന്ത്യൻ ബാറ്റിങ്​ ഇതിഹാസങ്ങളായ സചിൻ ടെണ്ടുൽക്കറാണോ രാഹുൽ ദ്രാവിഡാണോ കൂടുതൽ കേമനെന്നായിരുന്നു 'റാവൽപിണ്ടി എക്​സ്​പ്രസി'നു മുന്നിൽ ഇന്ത്യയിൽനിന്നു തന്നെയുള്ള ആരാധക​െൻറ ചോദ്യം.

സമൂഹമാധ്യമമായ ട്വിറ്ററിൽ​ ചോദ്യോത്തര സെഷനിൽ നിനക്കാതെ വന്ന ചോദ്യത്തിന്​ മറുപടിയിൽ താരം തെ​രഞ്ഞെടുത്തത്​ ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡിനെയാണ്​. സമകാലിക കളിക്കാരിൽ മികച്ചവർ ആരെന്ന ചോദ്യത്തിന്​ ഇന്ത്യൻ ടീം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി, പാക്​ നായകൻ ബാബർ അഅ്​സം എന്നിവർക്കാണ്​ അക്​തർ​ നറുക്ക്​ നൽകിയത്​.

വിക്കറ്റി​െൻറ ഇരുവശത്തും അനായാസം ബാറ്റുവീശുന്നതിൽ മിടുക്കരായ ഇരുവരും സമകാലിക ക്രിക്കറ്റിൽ ഏറെ തുലനം ചെയ്യപ്പെടുന്നവരാണ്​. ടെസ്​റ്റ്​, ഏകദിന, ട്വൻറി20 ഐ.സി.സി റാങ്കിങ്ങിൽ ഒരുപോലെ മുന്നിൽനിന്ന്​ ഇരുവരും പ്രകടന മികവ്​ നിലനിർത്തുന്നു. കോഹ്​ലി ടെസ്​റ്റിൽ രണ്ടാമനും ഏകദിനത്തിൽ ഒന്നാമനും ട്വൻറി20യിൽ ഏഴാമനുമാണെങ്കിൽ ബാബർ ടെസ്​റ്റിലും ഏകദിനത്തിലും അഞ്ചും ട്വൻറി20യിൽ രണ്ടും സ്​ഥാനത്തുണ്ട്​. ഇതോടൊപ്പം, ചെറിയ പരിക്കുകൾ കാരണം ഇരുവരും നിലവിൽ ദേശീയ ടീമുകൾക്കൊപ്പമില്ലെന്ന കൗതുകവുമുണ്ട്​.

ട്വിറ്റർ ചോദ്യോത്തര സെഷനിൽ അക്​തറിനെ 'കുഴക്കിയ' മറ്റൊരു ചോദ്യം നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫാസ്​റ്റ്​ ബൗളർ ആരെന്നായിരുന്നു. മറുപടിയിൽ പക്ഷേ, ഇന്ത്യയും പാകിസ്​താനും വന്നില്ല. പകരം കംഗാരുപ്പടയുടെ നാട്ടുകാരനായ മിച്ചെൽ സ്​റ്റാർകിനെയായിരുന്നു അക്​തർ തെരഞ്ഞെടുത്തത്​. ആധുനിക യുഗത്തിലെ ഏറ്റവും മഹാനായ ഫാസ്​റ്റ്​ ബൗളർ എന്നുകൂടി വിശേഷിപ്പിച്ചാണ്​ സ്​റ്റാർകിനെ അക്​തർ ഒന്നാമനായി കണ്ടെത്തിയത്​. നിലവിൽ ഇന്ത്യക്കെതിരായ പരമ്പരയിൽ ഓസീസ്​ ടീമി​െൻറ വജ്രായുധമാണ്​ സ്​റ്റാർക്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.