മില്ലർക്ക് രക്ഷയായി ഡി.ആർ.എസ് ‘പണിമുടക്ക്’; സൂപ്പർ സ്​പോർട്ടിന് നേരെ ആരാധക രോഷം

​കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഡി.ആർ.എസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) പണിമുടക്കിയതോടെ ഇന്ത്യക്ക് നഷ്ടമായത് വിലപ്പെട്ട വിക്കറ്റ്. രവീന്ദ്ര ജദേജ എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ പിടികൂടിയിരുന്നു. എന്നാൽ, അമ്പയർ ഔട്ട് വിളിച്ചില്ല. ​ഇതോടെ ഡി.ആർ.എസ് അപ്പീൽ നൽകിയപ്പോഴാണ് ഏഴാം ഓവർ മുതൽ താൽക്കാലികമായി ഡി.ആർ.എസ് സംവിധാനം ലഭ്യമല്ലാത്തതറിയുന്നത്. ഇതോടെ ഇന്ത്യക്ക് അർഹതപ്പെട്ട വിക്കറ്റ് നഷ്ടമായി.

പിന്നീട് റീ​േപ്ലകളിൽ പന്ത് ബാറ്റിലുരസിയത് വ്യക്തമായിരുന്നു. 66 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട സമയത്താണ് ദക്ഷിണാഫ്രിക്കക്ക് ഡി.ആർ.എസ് ‘പണിമുടക്ക്’ അനുഗ്രഹമായത്. 12 പന്തിൽ 19 റൺസായിരുന്നു ആ സമയത്ത് മില്ലറുടെ സമ്പാദ്യം. വൈകാതെ സാ​ങ്കേതിക തകരാർ പരിഹരിച്ച് ഡി.ആർ.എസ് പുനഃസ്ഥാപിക്കുകയും ചെയ്തു. 35 റൺസ് നേടി ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായ മില്ലർ കുൽദീപ് യാദവിന്റെ പന്തിൽ ബൗൾഡായതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനും വിരാമമായി. ഇന്ത്യക്ക് വിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ ഡി.ആർ.എസ് സംവിധാനമൊരുക്കിയ സൂപ്പർ സ്​പോർട്ടിനെതിരെ വൻ രോഷപ്രകടനമാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉയർത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെയും (56 പന്തിൽ 100) യശസ്വി ജയ്സ്വാളിന്റെ അർധസെഞ്ച്വറിയുടെയും (41 പന്തിൽ 60) മികവിൽ 201 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 95 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് മൂന്നാം മത്സരത്തിൽ ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. 106 റൺസിന്റെ വിജയം നേടിയതോടെ പരമ്പര സമനിലയിലാക്കാനും ഇന്ത്യക്കായി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.

Tags:    
News Summary - DRS 'strike' saved Miller; Fan rage against Super Sport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.