ബർമിങ്ഹാം: ഐ.സി.സി വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് പാകിസ്താൻ ടീമിന് മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ചുമത്തി ഐ.സി.സി. ഞായറാഴ്ച എഡ്ജ്ബാസ്റ്റണിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിലാണ് പാകിസ്താന് നടപടി നേരിടേണ്ടി വന്നത്. മത്സരത്തിൽ ഇന്ത്യയോട് 64 റൺസിന്റെ കനത്ത തോൽവിയും പാകിസ്താൻ ഏറ്റുവാങ്ങിയിരുന്നു.
നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ടതിനേക്കാൾ ഒരു ഓവർ കുറവാണ് പാകിസ്താൻ എറിഞ്ഞതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാച്ച് റഫറി ട്രൂഡി ആൻഡേഴ്സൺ പിഴ വിധിച്ചത്. കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് നടപടി. നിശ്ചിത സമയത്ത് എറിഞ്ഞു തീർക്കാൻ കഴിയാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് പിഴയായി ഈടാക്കുക.
പാക് നായിക ഫാത്തിമ സന കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തതിനാൽ കൂടുതൽ വാദം കേൾക്കേണ്ടി വന്നില്ല. ഫീൽഡ് അമ്പയർമാരായ ക്ലെയർ പോളോസാക്ക്, ജാക്വലിൻ വില്യംസ്, തേർഡ് അമ്പയർ എലോയിസ് ഷെറിഡൻ, ഫോർത്ത് അമ്പയർ സ്യൂ റെഡ്ഫേൺ എന്നിവർ ചേർന്നാണ് കുറ്റം ചുമത്തിയത്.
ദീപ്തിക്ക് മുന്നിൽ തകർന്നടിഞ്ഞ് പാക് പട
മത്സരത്തിൽ 64 റൺസിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 106 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയുടെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. അവസാന മൂന്ന് വിക്കറ്റുകൾ വെറും അഞ്ച് പന്തുകൾക്കുള്ളിലാണ് ദീപ്തി പിഴുതത്. 18,814 കാണികൾക്ക് മുന്നിലായിരുന്നു ഇന്ത്യയുടെ ഈ ഗംഭീര വിജയം. ഒരു വനിതാ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലെ റെക്കോർഡ് കാണികളുടെ എണ്ണമാണിത്.
മറുപടി ബാറ്റിങ്ങിൽ പാകിസ്താന് മികച്ച തുടക്കം ലഭിച്ചെങ്കിലും ദീപ്തി ശർമ ആദ്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുത്തു. 41 റൺസെടുത്ത മുനീബ അലിയെ ദീപ്തി അവിശ്വസനീയമായൊരു ത്രോയിലൂടെ റണ്ണൗട്ടാക്കിയതോടെ പാകിസ്താൻ കൂടുതൽ പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ഫാത്തിമ സന കൂടി പുറത്തായതോടെ പാക് ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു.
മത്സരത്തിൽ വെറും 10 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതോടെ വനിത ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടവും ദീപ്തി ശർമ സ്വന്തമാക്കി (166 വിക്കറ്റ്). 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയും ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.