വിവാഹമോചനം; ഭാര്യ ധന്യശ്രീ വർമക്ക് ജീവനാംശം നൽകാൻ യുസ്‌വേന്ദ്ര ചാഹൽ സമ്മതിച്ചതായി റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ധന്യശ്രീ വർമയും തമ്മിലുള്ള വിവാഹമോചന കേസ് തീർപ്പാക്കാൻ നിർദേശിച്ച് കോടതി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ മാർച്ച് 22ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാർച്ച് 20നകം കേസ് തീർപ്പാക്കാൻ ബോംബെ ഹൈക്കോടതി ബാന്ദ്ര കുടുംബ കോടതിയോട് നിർദേശിച്ചു. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന്റെ താരമാണ് ചാഹൽ.

ഹിന്ദു വിവാഹ നിയമപ്രകാരം ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെയും ധനശ്രീ വർമയുടെയും വിവാഹമോചനത്തിനുള്ള നിയമപരമായ കൂളിങ്-ഓഫ് കാലയളവ് അനുവദിച്ച കുടുംബ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. വരാനിരിക്കുന്ന ഐ.പി.എല്ലിൽ ചാഹലിന്റെ പങ്കാളിത്തം പരിഗണിച്ച് നാളെയോടെ വിവാഹമോചന ഹർജിയിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് മാധവ് ജംദാറിന്റെ ബെഞ്ച് കുടുംബ കോടതിയോട് നിർദേശിച്ചതായി ബാർ ആൻഡ് ബെഞ്ച് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.

2020 ഡിസംബറിൽ വിവാഹിതരായ ദമ്പതികൾ 2022 ജൂൺ മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ബാർ ആൻഡ് ബെഞ്ച് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് ബാന്ദ്ര കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്യാൻ ഇരുവരും തീരുമാനിച്ചത്.

സെക്ഷൻ 13B(2) പ്രകാരം, വിവാഹമോചനത്തിനുള്ള പരസ്പര ഹർജി ഫയൽ ചെയ്ത തീയതി മുതൽ ആറ് മാസത്തിന് ശേഷം മാത്രമേ കുടുംബ കോടതിക്ക് കേസ് പരിഗണിക്കാൻ കഴിയൂ. എന്നാൽ ചാഹലും ധനശ്രീയും രണ്ടു വർഷത്തിലേറെയായി പരസ്പരം വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ ഈയൊരു കാലയളവിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണ് ഹർജിയിൽ സമർപ്പിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞ ചാഹൽ, ജീവനാംശമായി 4 കോടി 75 ലക്ഷം രൂപ ധന്യശ്രീക്ക് നൽകാൻ സമ്മതിച്ചിരുന്നു. പക്ഷെ താരം ഇതുവരെ 2.37 കോടി രൂപ മാത്രമാണ് നൽകിയതെന്നും പറയപ്പെടുന്നുണ്ട്. ബാക്കി തുക നൽകാത്തതിനാലാണ് കോടതി ആറു മാസത്തെ കാലാവധി തള്ളിയതെന്നും പറയുന്നു.

വിവാഹ സമ്മത ലംഘനം ചൂണ്ടിക്കാട്ടി കുടുംബ കൗൺസിലറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കുടുംബ കോടതി ഒരു തീരുമാനത്തിലെത്തിയത്. രണ്ടര വർഷത്തിലേറെയായി രണ്ടുപേരും അകലം പാലിച്ചിരുന്നതിനാൽ ബാക്കി തുക നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിച്ചാണ് ബോംബെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

Tags:    
News Summary - Divorce; Yuzvendra Chahal reportedly agrees to pay alimony to wife Dhanyasree Verma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.