ഐ.പി.എൽ ചരിത്രത്തിൽ ‘സൂപ്പർ’ നേട്ടങ്ങളുണ്ടാക്കിയ സംഘമാണ് ചെന്നൈ സൂപ്പർ കിങ്സ്. ടീം അംഗങ്ങൾ മാറിമാറി വന്നാലും ധോണിയും കൂട്ടരും ഐ.പി.എല്ലിലെ എക്കാലത്തെയും ഫേവറിറ്റുകളാണ്. സീസണുകൾ പലതും പിന്നിട്ടെങ്കിലും ചെന്നൈയുടെ കരുത്തായി അവരുടെ ‘തല’ മഹേന്ദ്ര സിങ് ധോണി ഇന്നും തലയെടുപ്പോടെ ടീമിലുണ്ട്. വലിയ താരപ്രഭയില്ലാത്ത സീസണിൽപോലും ചെന്നൈ കാഴ്ചവെക്കുന്ന മാസ്മരിക പ്രകടനം മറ്റു ടീമുകൾക്ക് വലിയ പാഠമാണ്. താരങ്ങളുടെ ഒത്തിണക്കവും ടീം സ്പിരിറ്റുംകൊണ്ട് തോൽവിയിലേക്കുപോയ നിരവധി മത്സരങ്ങൾ വരുതിയിലാക്കിയ ടീമാണ് ചെന്നൈ. ഇപ്രാവശ്യവും മികച്ച ടീമുമായി ചാമ്പ്യൻപട്ടം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പർ സംഘം
കിടിലൻ സ്ക്വാഡ്
ഋതുരാജ് ഗെയ്ക്വാദിന്റെ കീഴിൽ ധോണിയുടെ അനുഭവ സമ്പത്തിനൊപ്പം കച്ചകെട്ടി കളത്തിലിറങ്ങുന്ന ചെന്നൈ പടയെ ഏതൊരും ടീമും പേടിച്ചിരിക്കണം. കൈവിട്ട കളികൾപോലും തിരിച്ചെടുക്കാൻ കെൽപ്പുള്ള ഒത്തിണക്കത്തോടെ കളിക്കുന്ന ടീമാണ് അവർ. ആത്മവിശ്വാസവും മികച്ച പ്ലാനുകളുമായി സൂപ്പർ സ്ക്വാഡുമായാണ് അവർ ഇത്തവണ ഇറങ്ങുന്നത്. ഗെയ്ക്വാദും ഡെവോൺ കോൺവേയും ടോപ്പ് ഓർഡറിൽ കരുത്താകും. രചിൻ രവീന്ദ്രയും ശിവം ദുബെയും പിന്നാലെ എത്തുന്നതും എതിർ ടീമിന് വെല്ലുവിളി ഉയർത്തും. വാലറ്റത്ത് ധോണിയുടെ സാന്നിധ്യവും ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. രാജസ്ഥാനിൽ നിന്നെത്തിയ നാട്ടുകാരൻ ആർ. അശ്വിനും കൂടെ രവീന്ദ്ര ജദേജയും സ്പിൻ ആക്രമണത്തിന് ചുക്കാൻ പിടിക്കും. മതീശ പതിരണ, മുകേഷ് ചൗധരി, ഖലീൽ അഹമ്മദ് എന്നിവരും ബൗളിങ്ങിൽ ടീമിന് മുതൽക്കൂട്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.