ചെന്നൈ വീണ്ടും ‘സൂപ്പർ കിങ്സ്’; ഗുജറാത്തിന് 63 റൺസ് തോൽവി

ചെന്നൈ: ഐ.പി.എല്ലിൽ കഴിഞ്ഞ സീസണിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സും റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസും ഒരിക്കൽകൂടി നേർക്കുനേർ വന്നപ്പോൾ ജയം വീണ്ടും ചെന്നൈക്കൊപ്പം. 63 റൺസിനാണ് മഞ്ഞപ്പട ജയിച്ചുകയറിയത്. 207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ. 31 പന്തിൽ 37 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.

വമ്പൻ ലക്ഷ്യത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ ഗുജറാത്തിന് സ്കോർ ബോർഡിൽ 28 റൺസായപ്പോഴേക്കും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ നഷ്ടമായി. അഞ്ച് പന്ത് നേരിട്ട് എട്ട് റൺസ് നേടിയ ഗില്ലിനെ ദീപക് ചാഹർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. വൈകാതെ 21 റൺസെടുത്ത ഓപണർ വൃദ്ധിമാൻ സാഹയും 12 റൺസെടുത്ത വിജയ് ശങ്കറും കളം വിട്ടതോടെ മൂന്നിന് 55 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. തുടർന്ന് ഒരുമിച്ച സായ് സുദർശനും ഡേവിഡ് മില്ലറും ചേർന്ന് കരകയറ്റാൻ ശ്രമം നടത്തിയെങ്കിലും അധികം നീണ്ടില്ല. 26 പന്തിൽ 41 റൺസ് ചേർത്ത സഖ്യം വഴിപിരിഞ്ഞതോടെ തോൽവി ഉറപ്പിച്ചു. 16 പന്തിൽ 21 റൺസായിരുന്നു മില്ലറുടെ സമ്പാദ്യം. അസ്മതുല്ല ഒമർസായ് (11), രാഹുൽ തെവാട്യ (6), റാഷിദ് ഖാൻ (1) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങി. ഉമേഷ് യാദവ് 10 റൺസുമായും സ്​പെൻസർ ജോൺസൻ അഞ്ച് റൺസുമായും പുറത്താകാതെ നിന്നു.

ചെന്നൈക്കായി ദീപക് ചാഹർ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡാറിൽ മിച്ചൽ, മതീഷ് പതിരാന എന്നിവർ ഓരോ വിക്കറ്റ് നേടി.

നേരത്തെ ശിവം ദുബെയുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെയും ഓപണർമാരായ ഋതുരാജ് ഗെയ്ക്‍വാദിന്റെയും രചിൻ രവീന്ദ്രയുടെയും ഉശിരൻ ബാറ്റിങ്ങിന്റെയും കരുത്തിൽ ചെന്നൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് അടിച്ചെടുത്തത്. തുടക്കത്തിൽതന്നെ കൂറ്റനടികളിലൂടെ തുടങ്ങിയ ഓപണർമാർ ആദ്യ വിക്കറ്റിൽ 5.2 ഓവറിൽ 62 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. 20 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും സഹിതം 46 റൺസെടുത്ത രചിൻ രവീന്ദ്രയെ വീഴ്ത്തി റാഷിദ് ഖാനാണ് ചെന്നൈക്ക് ആദ്യ പ്രഹരമേൽപിച്ചത്. തുടർന്നെത്തിയ അജിൻക്യ രഹാനെയെ (12 പന്തിൽ 12) സായ് കിഷോറും വീഴ്ത്തി. ഇരുവരെയും വൃദ്ധിമാൻ സാഹ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. വൈകാതെ ഗെയ്ക്‍വാദും വീണു. 36 പന്തിൽ 46 റൺസെടുത്ത ​ക്യാപ്റ്റനെ സ്​പെൻസർ ജോൺസന്റെ പന്തിൽ സാഹ പിടികൂടുകയായിരുന്നു.

തുടർന്നായിരുന്നു ശിവം ദുബെയുടെ ബാറ്റിങ് വിരുന്ന്. 23 പന്ത് നേരിട്ട് അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 51 റൺസെടുത്ത ദുബെയെ റാഷിദ് ഖാൻ തന്നെയാണ് മടക്കിയത്. ആറ് പന്തിൽ 14 റൺസടിച്ച സമീർ റിസ്‍വിയെ അവസാന ഓവറിൽ മോഹിത് ശർമ ഡേവിഡ് മില്ലറുടെ കൈയിലെത്തിച്ചു. 20 പന്തിൽ 24 റൺസെടുത്ത ഡാറിൽ മിച്ചൽ അവസാന പന്തിൽ റണ്ണൗട്ടായി. രവീന്ദ്ര ജദേജ മൂന്ന് പന്തിൽ ഏഴ് റൺസുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ടും സായ് കിഷോർ, ​സ്​പെൻസർ ജോൺസൻ, മോഹിത് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - Chennai Super Kings again; Gujarat lost by 63 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.