കറാച്ചി: മൂന്നു കളികൾ മഴയെടുക്കുകയും ആതിഥേയ ടീം നോക്കൗട്ട് കാണാതെ മടങ്ങുകയും ഫൈനൽ വേദി നാടുനീങ്ങുകയും ചെയ്തതിന്റെ ആഘാതം താങ്ങാവുന്നതിലേറെയാണെങ്കിലും പാകിസ്താന് ഇത് ആശ്വാസത്തിന്റെ ചാമ്പ്യൻസ് ട്രോഫി. ഇന്ത്യക്കും ന്യൂസിലൻഡിനുമെതിരെ തോറ്റ് സ്വന്തം ടീം നേരത്തെ മടങ്ങിയതോടെ കാണികളിൽ വലിയ പങ്കും കാത്തുനിൽക്കാൻ മനസ്സില്ലാതെ കളംവിട്ടിരുന്നു. ടിക്കറ്റ് ഇനത്തിൽ ലഭിക്കേണ്ട വരുമാനത്തിൽ വൻ ഇടിവാണ് ഇതുവഴി ഉണ്ടായത്.
സുരക്ഷ മുൻനിർത്തി ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന നിലപാട് ആദ്യമേ എടുത്തതോടെ ഗ്രൂപ് ഘട്ടം മുതൽ ഇന്ത്യയുടെ മത്സരങ്ങൾ വേദി മാറിയതും തിരിച്ചടിയായി. പാകിസ്താൻ സെമി കാണാതെ പുറത്തായെങ്കിലും ഇന്ത്യ സെമിയും ജയിച്ച് കപ്പിനരികെയാണ്. ഇതുവഴി കലാശപ്പോരാട്ടത്തിനും പാക് മൈതാനങ്ങൾ വേദിയല്ലാതായി. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ മൈതാനങ്ങൾ നന്നാക്കാൻ കോടികളാണ് പാകിസ്താൻ ചെലവിട്ടത്.
ഇതൊക്കെ ഒരു വശത്തുണ്ടാകുമ്പോഴും 16,000ത്തോളം സുരക്ഷ സൈനികരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങളൊന്നും കേൾപ്പിക്കാതെ വർഷങ്ങൾക്കിടെ ആദ്യമായി ഒരു ഐ.സി.സി ടൂർണമെന്റ് നടത്താനായത് രാജ്യത്ത് കൂടുതൽ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ അധികൃതർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കടുത്ത സുരക്ഷാ നടപടികൾ ടീമുകൾക്ക് പ്രയാസം സൃഷ്ടിച്ചത് വാർത്തയായിരുന്നു. 2009ൽ ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസ് ആക്രമിക്കപ്പെട്ടതോടെയാണ് പാകിസ്താൻ ഒന്നിനും വേദിയല്ലാതായത്. ഒമ്പതു വർഷം തീർത്തും ഒറ്റപ്പെട്ട പാകിസ്താനിൽ അടുത്തിടെ ടീമുകൾ എത്തിയെങ്കിലും ബദ്ധവൈരിയായ ഇന്ത്യ ഇനിയും സന്നദ്ധത അറിയിച്ചിട്ടില്ല.
സംഘാടകരെന്ന നിലക്ക് പാകിസ്താന് ആറു ലക്ഷം ഡോളർ ഐ.സി.സി നൽകും. ടിക്കറ്റ് വരുമാനം, സ്പോൺസർഷിപ് തുക തുടങ്ങിയവയും ലഭിക്കും. സ്റ്റേഡിയങ്ങൾക്കും സുരക്ഷക്കുമായി മുടക്കിയ വൻതുക ഇത്തവണ തിരിച്ചുപിടിക്കാനായില്ലെങ്കിലും പതിയെ ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. അതേസമയം, പാക് ടീമിന് ഇതെന്തുപറ്റിയെന്ന ചോദ്യവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.