ഒന്നാം ടെസ്റ്റിലെ തോൽവി ; കാരണം പറഞ്ഞ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

ലീഡ്സ് : ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഫീൽഡിങ്ങിലെ പിഴവുകളും വാലറ്റത്തെ ബാറ്റിംഗ് തകർച്ചയും തോൽവിക്ക് കാരണമായെന്ന് ഗിൽ പറഞ്ഞു. എന്നാൽ ആദ്യ ടെസ്റ്റെന്ന നിലയിലും യുവനിരയുടെ സംഘമെന്ന നിലയിലും ഒട്ടേറെ കാര്യങ്ങളിൽ മികവ് പുലർത്തിയത് സന്തോഷം നൽകുന്നുവെന്നും പരിമിതികൾ പരിഹരിച്ച് അടുത്ത മത്സരത്തിൽ തിരിച്ചുവരുമെന്നും ഗിൽ കൂട്ടിച്ചേർത്തു.

ലീഡ്സിൽ നടന്ന ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ (147), റിഷഭ് പന്ത് (134), യശസ്വി ജയ്സ്വാൾ (101) എന്നിവരുടെ സെഞ്ച്വുറി മികവിൽ 471 റൺസ് നേടി. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇം​ഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആറ് റൺസിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 364 റൺസെടുത്തു. കെ.എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇം​ഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇം​ഗ്ലണ്ട് വിജയത്തിൽ നിർണായകമായി.

Tags:    
News Summary - Captain Shubman Gill explains the reason behind the defeat in the first Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.