അർജുൻ ടെണ്ടുൽക്കർക്ക് വിക്കറ്റ്; ഹൈദരാബാദിനെതിരെ മുംബൈക്ക് 14 റൺസ് ജയം

ഹൈദരാബാദ്: ഐ.പി.എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 14 റൺസ് ജയം. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 192 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് 19.5 ഓവറിൽ 178 റൺസിന് എല്ലാവരും പുറത്തായി.

മായങ്ക് അഗർവാളാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. താരം 41 പന്തിൽ 48 റൺസെടുത്തു. ഹാരി ബ്രൂക്ക് (ഏഴു പന്തിൽ ഒമ്പത്), രാഹുൽ ത്രിപാഠി (അഞ്ചു പന്തിൽ ഏഴ്), എയ്ഡൻ മാർക്രം (17 പന്തിൽ 22), അഭിഷേക് ശർമ (രണ്ടു പന്തിൽ ഒന്ന്), ഹെൻറിച്ച് ക്ലാസ്സെൻ (16 പന്തിൽ 36), മാർകോ ജാൻസെൻ (ആറു പന്തിൽ 13), വാഷിങ്ടൺ സുന്ദർ (ആറു പന്തിൽ 10), ഭുവനേശ്വർ കുമാർ (അഞ്ച് പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

മായങ്ക് മാർകണ്ടെ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. മുംബൈക്കായി ജേസൻ ബെഹറൻഡോർഫ്, റിലേ മെറിഡിത്ത്, പിയൂഷ് ചൗള എന്നിവർ രണ്ടു വിക്കറ്റ് വീതവും കാമറൂൺ ഗ്രീൻ, അർജുൻ ടെണ്ടുൽക്കർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഭുവനേശ്വർ കുമാറിനെ പുറത്താക്കിയാണ് അർജുൻ ഐ.പി.എല്ലിലെ കന്നി വിക്കറ്റ് നേടിയത്. കാമറൂൺ ഗ്രീനിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. 40 പന്തിൽ 64 റൺസാണ് താരം നേടിയത്. രണ്ടു സിക്സും ആറു ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്‍റെ പ്രഥമ ഐ.പി.എൽ ഫിഫ്റ്റിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 4.4 ഓവറിൽ 41 റൺസ് അടിച്ചെടുത്തു. 28 റണ്‍സടിച്ച രോഹിത്തിന്‍റെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. ടി. നടരാജന്റെ പന്തിൽ എയ്ഡൻ മർക്രത്തിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 53 റണ്‍സടിച്ചു. ഇഷാൻ കിഷൻ 31 പന്തിൽ 38 റൺസെടുത്ത് പുറത്തായി.

സൂര്യകുമാർ യാദവ് (മൂന്നു പന്തിൽ ഏഴ്), തിലക് വർമ (17 പന്തിൽ 37), ടീം ഡേവിഡ് (11 പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹൈദരാബാദിനായി മാർകോ ജാൻസെൻ രണ്ടു വിക്കറ്റും ഭുവനേശ്വർ കുമാർ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags:    
News Summary - Cameron Green, Riley Meredith Shine As MI Beat SRH By 14 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.