ലണ്ടൻ: ഫോം തുടരുന്ന ബാറ്റർമാർ, പേസ് ആക്രമണത്തിലൂടെ രണ്ടാം മത്സരം പൂർണമായും കൈപ്പിടിയിലൊതുക്കിയ ബൗളർമാർ...ലോക ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് വ്യാഴാഴ്ച ഇറങ്ങുന്ന ഇന്ത്യക്ക് ആശങ്ക തെല്ലുമില്ല. ഒന്നാം ടെസ്റ്റിൽ വാലറ്റം തകരുകയും നിർണായക ക്യാച്ചുകൾ വിട്ടുകളയുകയും ചെയ്തില്ലായിരുന്നെങ്കിൽ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തിയേനെ സന്ദർശകർ. എങ്കിലും ശുഭ്മൻ ഗില്ലിനും സംഘത്തിനും നിരാശക്ക് വകയില്ല. രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ കൂറ്റൻ ജയവുമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതിയത്. സമാനപ്രകടനം ലോർഡ്സിൽ ആവർത്തിച്ചാൽ പരമ്പരയിൽ മുന്നിലെത്താം.
രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയ ബുംറ മൂന്നാം മത്സരത്തിനുണ്ടാവുമെന്ന് ഗിൽ വ്യക്തമാക്കിയിട്ടുണ്ട്. ലീഡ്സിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ സ്റ്റാർ പേസറുടെ വരവ് ആക്രമണത്തിന്റെ മൂർച്ച കൂട്ടും. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റുമായി എഡ്ജ്ബാസ്റ്റൺ വാണ പേസ് സെൻസേഷൻ ആകാശ് ദീപും ഏഴുപേരെ പറഞ്ഞുവിട്ട മുഹമ്മദ് സിറാജും ഇംഗ്ലീഷ് ബാറ്റർമാർക്ക് തലവേദനയാണ്. ബുംറ വരുമ്പോൾ പ്രസിദ്ധ് കൃഷ്ണ ബെഞ്ചിലിരിക്കേണ്ടിവരും.
രണ്ട് സ്പിന്നർമാർ തുടരാനാണ് സാധ്യത. ഇത് ഓൾ റൗണ്ടർമാരായ രവീന്ദ്ര ജദേജക്കും വാഷിങ്ടൺ സുന്ദറിനും വീണ്ടും അവസരമൊരുക്കും. പേസ് ബൗളിങ് ഓൾ റൗണ്ടറെന്ന നിലയിൽ നിതീഷ് കുമാർ റെഡ്ഡിയെത്തന്നെ പരിഗണിച്ചേക്കും. ബാറ്റർമാരിൽ രണ്ട് ടെസ്റ്റും കളിച്ചിട്ടും ഒരു അർധ ശതകംപോലും നേടാനാവാതെപോയത് മലയാളി താരം കരുൺ നായർക്ക് മാത്രമാണ്. കരുണിനെ ഇനി പരിഗണിക്കേണ്ട എന്നാണ് തീരുമാനമെങ്കിൽ സായ് സുദർശന് നറുക്കുവീണേക്കും.
നാല് വർഷത്തിനിടെ ഒരു ടെസ്റ്റ് പോലും കളിക്കാത്ത പേസർ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ജോഷ് ടങ് പുറത്തായി. 2021ൽ പരിക്ക് കാരണം ടീമിൽനിന്ന് പുറത്തായ ആർച്ചർ പിന്നീട് ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ സജീവമായിരുന്നു. ആദ്യ കളി അഞ്ച് വിക്കറ്റിന് ജയിച്ച ആതിഥേയർ രണ്ടാം ടെസ്റ്റിൽ പക്ഷേ, പരാജയമായി. ബാറ്റർമാരിൽ ജാമി സ്മിത്ത് മാത്രമാണ് വിശ്വാസം കാത്തത്. ബൗളർമാർക്ക് ക്യാപ്റ്റൻ ഗില്ലടങ്ങുന്ന ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനായില്ല. ഇംഗ്ലണ്ടിലെ മറ്റു പിച്ചുകളെപ്പോലെ പേസ് ബൗൾ സൗഹൃദമാണ് ലോർഡ്സും.
ഇന്ത്യൻ ടീം ഇവരിൽനിന്ന്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, സായ് സുദർശൻ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, അഭിമന്യു ഈശ്വരൻ, ധ്രുവ് ജുറെൽ, ഷാർദുൽ ഠാക്കൂർ.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ഷുഐബ് ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.