ലാഹോർ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റമുട്ടുന്ന മത്സരം ഈ മാസം 23നാണ് നടക്കുന്നത്. ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന് ഗാലറികൾ നിറയുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനിടെ മത്സരത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള പാകിസ്താന്‍റെ വൈസ് ക്യാപ്റ്റൻ സൽമാൻ അലി ആഘ നടത്തിയ പരാമർശം വൈറലായി.
ഇന്ത്യക്കെതിരെ ഒറ്റ മത്സരത്തിൽ ജയിക്കുക എന്നതിലുപരി കിരീടം നേടുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് സൽമാൻ പറയുന്നു. “ഒരു ഐ.സി.സി ടൂർണമെന്‍റിന് പാകിസ്താൻ വേദിയാകുന്നതിനാൽ തന്നെ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. സ്വന്തം നാട്ടിൽ കിരീടം നേടാനാകുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ എന്റെയും വലിയ സ്വപ്നമാണ്. പാകിസ്താൻ ടീമിന് അതിനുള്ള ശേഷിയുണ്ട്.
ഇന്ത്യ -പാകിസ്താൻ മത്സരം ഏറെ പ്രത്യേകതയുള്ളതാണ്. എല്ലാവരും കാത്തിരിക്കുന്ന വളരെ വലിയ മത്സരമാണത്. എന്നാൽ ആ ഒരൊറ്റ മത്സരം ജയിക്കുക എന്നതല്ല, ചാമ്പ്യൻസ് ട്രോഫി കിരീടം നേടുക എന്നതാണ് പ്രധാനം. എന്നിരുന്നാലും ഇന്ത്യക്കെതിരം ജയിക്കാൻ തന്നെയാകും ഞങ്ങൾ ശ്രമിക്കുക. അതിനായി ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും” -സൽമാൻ പറഞ്ഞു.
അതേസമയം, 19ന് തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയിൽ മൂന്ന് അയൽക്കാരും പിന്നെ ന്യൂസിലൻഡും ചേർന്നതാണ് ഇന്ത്യ ഉൾക്കൊള്ളുന്ന ഗ്രൂപ്. പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങൾ. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് ആദ്യ മത്സരം. 23ന് പാകിസ്താനും മാർച്ച് രണ്ടിന് ന്യൂസിലൻഡും എതിരാളികളാകും.
എട്ടുവർഷത്തെ ഇടവേളക്കുശേഷം തിരികെയെത്തുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ജേതാക്കളെ കാത്തിരിക്കുന്നത് 19.5 കോടി രൂപ. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെ പാകിസ്താനിലെ വേദികളിലും ദുബൈയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. നാലു ടീമുകളടങ്ങിയ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം.
ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ടിലേക്ക് യോഗ്യത നേടും. കിരീടവുമായി മടങ്ങുന്നവർക്ക് 22.4 ലക്ഷം ഡോളർ (19.45 കോടി രൂപ) ആണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 11.2 ലക്ഷം ഡോളർ (9.72 കോടി രൂപ) ലഭിക്കും. സെമിയിലെത്തിയ മറ്റു രണ്ടു ടീമുകൾക്ക് 560,000 ഡോളറും (4.86 കോടി രൂപ) നൽകും.
ഗ്രൂപ് ഘട്ടത്തിൽ ഓരോ മത്സരവിജയിക്കും 34,000 ഡോളർ (29.5 ലക്ഷം രൂപ) ലഭിക്കും. അഞ്ചാമതും ആറാമതുമെത്തുന്ന ടീമുകൾക്ക് മൂന്നരലക്ഷം ഡോളറും (3.04 കോടി രൂപ) ഏഴും എട്ടും സ്ഥാനക്കാർക്ക് 140,000 ഡോളറും (1.21 കോടി) ലഭിക്കും. 2027 മുതൽ വനിതകൾക്കും ട്വന്റി20 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.